'നീറ്റ് പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പറുകള്‍ 32 ലക്ഷം രൂപയ്ക്ക് ചോര്‍ത്തിനല്‍കി'; സര്‍ക്കാര്‍ വാദം തള്ളി പ്രതികളുടെ കുറ്റസമ്മതം

മേയ് നാലിന് പാട്‌നയിലെ ഒരു കേന്ദ്രത്തിലെത്തിച്ച് ചോദ്യങ്ങളും ആന്‍സര്‍ കീയും കൈമാറുകയും ഇവ മനഃപാഠമാക്കുകയുമായിരുന്നുവെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴിനല്‍കി

Update: 2024-06-20 16:48 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി പ്രതികളുടെ കുറ്റസമ്മതം. പരീക്ഷയുടെ തലേദിവസം തന്നെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നുവെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി പൊലീസിനോട് സമ്മതിച്ചു. 32 ലക്ഷത്തോളം രൂപയ്ക്കാണ് ചോദ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്നും പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളാണു കുറ്റസമ്മതം നടത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷാര്‍ഥിയായ അനുരാഗ് യാദവ്, അമ്മാവനും ദാനാപൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ജൂനിയര്‍ എന്‍ജിനീയറുമായ സിക്കന്ദര്‍ യാദവേന്ദു, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യസൂത്രധാരന്മാരായ നിതീഷ് കുമാര്‍, അമിത് ആനന്ദ് എന്നിവരാണു പിടിയിലായത്. മേയ് അഞ്ചിനായിരുന്നു ഇത്തവണ നീറ്റ് പരീക്ഷ നടന്നത്. ഇതിന്റെ തലേ ദിവസം തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കിയിരുന്നുവെന്നാണു പ്രതികള്‍ ഇപ്പോള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

അമ്മാവനാണ് ചോദ്യപേപ്പറുകള്‍ നേരത്തെ തന്നെ സംഘടിപ്പിച്ചുനല്‍കിയതെന്ന് അനുരാഗ് യാദവ് പൊലീസിനു മൊഴിനല്‍കി. രാജസ്ഥാനിലെ കോട്ടയിലെ അലെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള സ്ഥാപനത്തിലായിരുന്നു അനുരാഗ് നീറ്റ് പരിശീലനം നടത്തിയിരുന്നത്. ഒരു ദിവസം അമ്മാവന്‍ വിളിച്ച് ബിഹാര്‍ തലസ്ഥാനമായ പാട്‌നയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനുരാഗ് വെളിപ്പെടുത്തി.

തുടര്‍ന്ന് മേയ് നാലിന് അനുരാഗ് പാട്‌നയില്‍ എത്തി. ഇവിടെനിന്ന് അമ്മാവന്‍ വിദ്യാര്‍ഥിയെ അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നിവരുടെ അടുത്തേക്കു കൊണ്ടുപോയി. ഇവിടെവച്ച് ഇവര്‍ ചില ചോദ്യങ്ങളും ആന്‍സര്‍ കീകളും കൈമാറി. ഇതു മനഃപാഠമാക്കി വയ്ക്കാനും ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം നടന്ന പരീക്ഷയില്‍ തലേദിവസം തലേദിവസം ചോര്‍ത്തിക്കിട്ടിയ ചോദ്യങ്ങള്‍ തന്നെയായിരുന്നു വന്നതെന്ന് അനുരാഗ് പൊലീസിനു മൊഴിനല്‍കി.

ചോദ്യപേപ്പര്‍ നേരത്തെ തന്നെ ചോരുമെന്ന് അമിത് ആനന്ദും നിതീഷ് കുമാറും തന്നോട് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്ന് പൊലീസിനു നല്‍കിയ മൊഴിയില്‍ സിക്കന്ദര്‍ പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോരുമെന്നും 30-32 ലക്ഷം രൂപ നല്‍കിയാല്‍ ഇവ ലഭിക്കുമെന്നുമാണ് തന്നോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് പണം നല്‍കാമെന്നു സമ്മതിച്ചത്. അനുരാഗ് യാദവിനു പുറമെ ആയുഷ് കുമാര്‍, ശിവാനന്ദ് കുമാര്‍, അഭിഷേക് കുമാര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ചോദ്യങ്ങള്‍ ചോര്‍ത്തിവാങ്ങിയതെന്നും സിക്കന്ദര്‍ പൊലീസിനോട് പറഞ്ഞു.

മേയ് നാലിനു നാലു പേരെയും നിര്‍ദേശിക്കപ്പെട്ട സ്ഥലത്തെത്തിച്ച് ചോദ്യങ്ങള്‍ വാങ്ങി. അമിതും നിതീഷും ആവശ്യപ്പെട്ട തുകയില്‍നിന്ന് എട്ടു ലക്ഷത്തോളം കൂട്ടിയാണു വിദ്യാര്‍ഥികളില്‍നിന്നു കൈപ്പറ്റിയത്. 40 ലക്ഷം രൂപയാണ് ഓരോ വിദ്യാര്‍ഥികളില്‍നിന്നും ചോദ്യം നല്‍കാനായി വാങ്ങിയതെന്നും ഇയാള്‍ മൊഴിയില്‍ പറയുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് നിതീഷ് കുമാറും അമിത് ആനന്ദും പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സിക്കന്ദറുമായുള്ള ഇടപാടും ഇവര്‍ സമ്മതിച്ചു. വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേന്ദ്രത്തിലെത്തിയാണു രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

മേയ് അഞ്ചിന് 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പ്രതീക്ഷിച്ചതിലും നേരത്തെ ജൂണ്‍ അഞ്ചിനു ഫലവും പുറത്തുവന്നു. എന്നാല്‍, ഇതിനു പിന്നാലെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. ചോദ്യപേപ്പറുകള്‍ ചോര്‍ന്നെന്നും 1,500ലേറെ വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി ഗ്രേസ് മാര്‍ക്കുകള്‍ നല്‍കിയെന്നുമുള്‍പ്പെടെയുള്ള പരാതികള്‍ ആണ് ഉയര്‍ന്നിരിക്കുന്നത്. ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയും(എന്‍.ടി.എ) വാദിക്കുന്നത്. പരീക്ഷ റദ്ദാക്കുകയോ മാറ്റിനടത്തുകയോ ചെയ്യുന്നില്ലെന്നാണ് അവസാനമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Summary: "NEET question papers leaked and sold for Rs 32 Lakh": Reveals arrested aspirant to Bihar police

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News