സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി; തന്ത്രങ്ങളൊരുക്കി ജാർഖണ്ഡ് മുക്തി മോർച്ച

ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമം ഹേമന്ത് സോറൻ ശക്തമാക്കി

Update: 2024-02-03 01:15 GMT
Advertising

ന്യൂഡൽഹി: ജാർഖണ്ഡിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് ഒരുങ്ങി പുതിയ മുഖ്യമന്ത്രി ചംപെയ് സോറൻ. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങളാണ് ജാർഖണ്ഡ് മുക്തി മോർച്ച ആസൂത്രണം ചെയ്യുന്നത്. അതേസമയം ഇ.ഡിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമം ഹേമന്ത് സോറനും ശക്തമാക്കി.

ജെ.എം.എമ്മിൻ്റെ സീത സോറൻ, ലോബിൻ ഹെംബ്രോം, ചമ്ര ലിൻഡ, രാംദാസ് സോറൻ എന്നിവരാണ് പാർട്ടിക്കുള്ളിൽ പുതിയ മുഖ്യമന്ത്രിക്ക് എതിരെ പട നയിക്കുന്നത്. ഇവരെ അടർത്തിമാറ്റി ഭരണമുന്നണിയുടെ ആത്മവിശ്വാസം തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

ഭരണമാറ്റം ഉണ്ടാകില്ല എങ്കിലും ഈ എം.എൽ.എമാരെ ഉപയോഗിച്ച് ജാർഖണ്ഡ് മുക്തി മോർച്ചക്കുള്ളിൽ കലാപം സൃഷ്ടിക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. എന്നാൽ, ഈ നീക്കത്തിന് തടയിടാനാണ് കോൺഗ്രസും ജെ.എം.എമ്മും ചേർന്ന ഭരണ മുന്നണിയുടെ നീക്കം.

പുതുതായി ചുമതലയേറ്റ ജാർഖണ്ഡിൻ്റെ കടുവയെന്നറിയപ്പെടുന്ന മുഖ്യമന്ത്രി ചംപെയ് സോറനെ ചൊല്ലിയുള്ള തർക്കം അദ്ദേഹത്തെ തന്നെ വെച്ച് പരിഹരിക്കാൻ സാധിക്കും എന്നാണ് ഭരണമുന്നണി കണക്കുകൂട്ടുന്നത്. പാർട്ടിക്കുള്ളിലെ വിമത സ്വരം ബി.ജെ.പിക്ക് അവസരം കൊടുക്കാത്ത വിധം മുഖ്യമന്ത്രി നേരിട്ട് ചർച്ചകൾക്ക് മുൻകൈ എടുക്കും.

വിമത എം.എൽ.എമാരെ മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾക്ക് തുടക്കം കുറിച്ചതായാണ് സൂചന. അതേസമയം, അറസ്റ്റ് ചെയ്ത ഇ.ഡി നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും ആരംഭിച്ചു.

ഹേമന്ത് സോറൻ്റെ അഭിഭാഷക സംഘം അവസാനവട്ട ചർച്ചകൾക്ക് ശേഷം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രി പദവിയിലിരിക്കവെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത ഇ.ഡിക്ക് എതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ജാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെട്ട ഭരണ മുന്നണി ആലോചന ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News