"രാജ്യത്തെ നിയമങ്ങള്‍ ഏവരും അത് അനുസരിച്ചേ പറ്റൂ" ട്വിറ്ററിന് മുന്നറിയിപ്പുമായി ഐ.ടി മന്ത്രി

ഇന്ത്യക്കാരനായ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതിന് വേണ്ടി 8 ആഴ്ചത്തെ സമയം ആണ് ട്വിറ്റര്‍ ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2021-07-08 10:33 GMT
Editor : ubaid | By : Web Desk
Advertising

രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമെന്നും ഏവരും അത് അനുസരിച്ചേ തീരൂവെന്നും ഐടി മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവ്. പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ മടി കാണിക്കുന്നതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

''രാജ്യത്തെ നിയമങ്ങള്‍ പരമ പ്രധാനമാണ്. ഏവരും അത് അനുസരിച്ചേ തീരൂ''- ട്വിറ്ററിന്റെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. അതിനിടെ പുതിയ ചട്ടപ്രകാരമുള്ള പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ ട്വിറ്റര്‍ എട്ട് ആഴ്ച സമയം തേടി. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്റര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ചീഫ് കംപ്ലയന്‍സ് ഓഫീസറേയും റസിഡണ്ട് ഗ്രീവന്‍സ് ഓഫീസറേയും നിയമിക്കണം എന്നതടക്കമുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. പുതിയ ഐടി ചട്ടം പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാകണം എന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യക്കാരനായ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കുന്നതിന് വേണ്ടി 8 ആഴ്ചത്തെ സമയം ആണ് ട്വിറ്റര്‍ ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വടംവലി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഐടി മന്ത്രാലയത്തിലെ നേതൃമാറ്റം. രവിശങ്കര്‍ പ്രസാദിനു പകരം അശ്വിനി വൈഷ്ണവ് എത്തുമ്പോള്‍ സമീപനത്തില്‍ എന്തു മാറ്റമാണുണ്ടാവുകയെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. മുന്‍ ഐഎഎസ് ഓഫീസര്‍, ഐഐടി കാണ്‍പുര്‍, വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി, സംരംഭകന്‍, വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പദവികളിലൂടെയാണ്‌ അശ്വിനി വൈഷ്ണവ് മോദി മന്ത്രിസഭയിലെത്തുന്നത്. പിയൂഷ് ഗോയലില്‍ നിന്നാണ് അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. മന്ത്രിസഭയില്‍ നിന്ന് പുറത്തായ രവിശങ്കര്‍ പ്രസാദിന് പകരമായിട്ടാണ് ഐടി മന്ത്രാലയത്തിന്റെ ചുമതലയും വഹിക്കുക.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News