സൈന്യത്തിന്റെ ഔദ്യോഗിക ബഹുമതിയില്ല, മൃതദേഹം എത്തിച്ചത് സ്വകാര്യ ആംബുലൻസിൽ; വീരമൃത്യുവരിച്ച ആദ്യ അഗ്നിവീറിനോട് അവഗണന
സംസ്കാര ചടങ്ങിൽ പഞ്ചാബ് ലോക്കൽ പൊലീസാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
അമൃത്സർ: രാജ്യത്ത് വീരമൃത്യുവരിച്ച ആദ്യ അഗ്നിവീറിനോട് അവഗണനയെന്ന് ആക്ഷേപം. വീരമൃത്യു വരിച്ച പഞ്ചാബ് മൻസ സ്വദേശിയായ 19കാരൻ അമൃത്പാൽ സിങ്ങിനോടാണ് സൈന്യത്തിന്റെ അവഗണന. അമൃത്പാലിന് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകുകയോ മൃതദേഹത്തെ അനുഗമിക്കുകയോ ചെയ്തില്ല. സ്വകാര്യ ആംബുലൻസിൽ കുടുംബം മുൻകയ്യെടുത്താണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്കാര ചടങ്ങിനിടെ പഞ്ചാബ് ലോക്കൽ പൊലീസാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
അമൃത്പാൽ അഗ്നിവീറായി സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടത് 2022 ഡിസംബറിലായിരുന്നു. പരിശീലനത്തിന് ശേഷം കഴിഞ്ഞ മാസമായിരുന്നു ജമ്മു കശ്മീരിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപം അമൃത്പാലിനെ തലയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. അമൃത്പാലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.