ആര്യനെ കള്ളക്കേസില്‍ കുടുക്കി, അവരുടെ അടുത്ത ലക്ഷ്യം ഷാരൂഖെന്ന് മഹാരാഷ്ട്ര മന്ത്രി
കോര്‍ഡീലിയ എന്ന ആഡംബര കപ്പലില്‍ നിന്ന് ഒരു ലഹരിമരുന്നും പിടിച്ചെടുത്തിട്ടില്ല എന്നാണ് മന്ത്രി നവാബ് മാലിക് പറയുന്നത്.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് വ്യാജ കേസിലാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അവരുടെ അടുത്ത ലക്ഷ്യം ഷാരൂഖ് ഖാനാണ്. ഇക്കാര്യം ക്രൈം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കിടയില്‍ ഒരു മാസമായി പ്രചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
23 വയസ്സുള്ള ആര്യൻ ഖാനെ ഒക്ടോബർ 2ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിന് ശേഷം അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടത്തി എന്ന് ആരോപിച്ചാണ് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 8 പേരെ അറസ്റ്റ് ചെയ്തത്.
കോര്‍ഡീലിയ എന്ന ആഡംബര കപ്പലില്‍ നിന്ന് ഒരു ലഹരിമരുന്നും പിടിച്ചെടുത്തിട്ടില്ല എന്നാണ് മന്ത്രി നവാബ് മാലിക് പറയുന്നത്. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണ്. ബിജെപിയുമായി ബന്ധപ്പെട്ട ചിലരാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നും നവാബ് മാലിക് ആരോപിച്ചു.
മുംബൈയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോളിവുഡിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 3ന് നടന്ന എന്‍സിബി റെയ്ഡ് വ്യാജമാണ്. കഴിഞ്ഞ 36 വർഷമായി എൻസിബി രാജ്യത്ത് പ്രവർത്തിക്കുന്നു. നിരവധി ആഭ്യന്തര, അന്തർദേശീയ മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടിയിട്ടുണ്ട്. ഇക്കാലമത്രയും ഏജൻസിയുടെ പ്രവർത്തനത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ കോർഡീലിയ എന്ന കപ്പലില്‍ നടന്ന എൻസിബി റെയ്ഡിന്‍റെ ഭാഗമായി ചില ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ പി ഗോസവി എന്ന പേരുള്ള ഒരാളാണ് ആര്യൻ ഖാനെ മുംബൈയിലെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത്. ആര്യൻ ഖാനൊപ്പം ഒരു സെൽഫിയും ഇയാള്‍ എടുത്തിട്ടുണ്ട്. ഇയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് എന്‍സിബി വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയോട് തന്‍റെ ആദ്യ ചോദ്യം കെ പി ഗോസവിയുമായുള്ള ബന്ധം എന്താണ് എന്നാണെന്നും നവാബ് മാലിക് വ്യക്തമാക്കി. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് മനീഷ് ഭാനുശാലി എന്നയാളാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. ഇയാള്‍ ബിജെപി നേതാവാണെന്നും നവാബ് മാലിക് പറഞ്ഞു.
Aryan Khan's arrest is a forgery. For the last one month, the information was being circulated to crime reporters that the next target is actor Shah Rukh Khan: Maharashtra Minister Nawab Malik pic.twitter.com/moaRhfzZx2
— ANI (@ANI) October 6, 2021