വന്ധ്യത മാറ്റാൻ കഴിയുമെന്ന് വിശ്വാസം: തമിഴ്നാട് ക്ഷേത്രത്തിലെ ഒമ്പത് നാരങ്ങകൾ ലേലം ചെയ്തത് 2.3 ലക്ഷത്തിന്
കുളത്തൂർ ഗ്രാമത്തിലെ ദമ്പതികൾ 50,500 രൂപയ്ക്കാണ് നാരങ്ങ വാങ്ങിയത്
വില്ലുപുരം: വന്ധ്യത മാറ്റാൻ കഴിയുമെന്ന് ഭക്തർ വിശ്വസിക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രത്തിലെ ഒമ്പത് നാരങ്ങകൾ 2.36 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു. വില്ലുപുരത്തെ ക്ഷേത്രത്തിൽ ചൊവ്വാഴ്ച നടന്ന ലേലത്തിലാണ് നാരങ്ങകൾ വമ്പൻ തുകയ്ക്ക് ഭക്തർ വാങ്ങിയത്. ഈ നാരങ്ങ കൊണ്ടുണ്ടാക്കുന്ന നാരങ്ങാവെള്ളം വന്ധ്യത മാറ്റുമെന്നും കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് ഭക്തർ കരുതുന്നത്.
'പവിത്രമായ നാരങ്ങയ്ക്ക് പേരുകേട്ടതാണ് ഈ ക്ഷേത്രം. മുരുകന്റെ വേലിൽ കുത്തിവെച്ച നാരങ്ങയ്ക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു' ഒരു ഗ്രാമീണൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറഞ്ഞു.
വില്ലുപുരത്തെ തിരുവാണൈനല്ലൂരിൽ രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചെറിയ മുരുകൻ ക്ഷേത്രം കുട്ടികളില്ലാത്ത നിരവധി ദമ്പതികൾ സന്ദർശിക്കുന്നു. വർഷത്തിൽ നടക്കുന്ന പങ്കുനി ഉത്തിരം ഉത്സവത്തോടനുബന്ധിച്ച് നാരങ്ങകൾക്കായി നടത്തുന്ന ലേലത്തിൽ ഇവർ പങ്കെടുക്കുകയും ചെയ്യുന്നു.
'നാരങ്ങ വന്ധ്യത മാറ്റുമെന്ന ശക്തമായ വിശ്വാസമുള്ളതിനാൽ കുട്ടികളില്ലാത്ത ദമ്പതികൾ നാരങ്ങ വാങ്ങുന്നു. വ്യാപാരികളും ബിസിനസുകാരും അവരുടെ ബിസിനസ്സ് സംരംഭങ്ങളിൽ അഭിവൃദ്ധി തേടിയും നാരങ്ങ വാങ്ങുന്നു' മറ്റൊരു ഗ്രാമീണൻ പറഞ്ഞു.
ഒമ്പത് ദിവസങ്ങളിലായാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുക. എല്ലാ ഉത്സവ ദിവസങ്ങളിലും ക്ഷേത്ര പൂജാരിമാർ ഒരു ചെറുനാരങ്ങ വേലിൽ കുത്തിവെക്കും. ഒടുവിൽ ഉത്സവത്തിന്റെ അവസാന ദിവസം ക്ഷേത്ര ഭരണസമിതി നാരങ്ങകൾ ലേലം ചെയ്യും. ഉത്സവത്തിന്റെ ആദ്യ ദിവസം വേലിൽ കുത്തുന്ന നാരങ്ങ ഏറ്റവും ഐശ്വര്യവും ശക്തിയുമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. കുളത്തൂർ ഗ്രാമത്തിലെ ദമ്പതികൾ 50,500 രൂപയ്ക്കാണ് നാരങ്ങ വാങ്ങിയത്. ചെറുനാരങ്ങകൾ ലേലം ചെയ്തു വാങ്ങിയ ആളുകൾ പുണ്യസ്‌നാനം നടത്തി ക്ഷേത്ര പൂജാരിമാരുടെ മുന്നിൽ മുട്ടുകുത്തിയാണ് അവ സ്വീകരിക്കുക. വർഷങ്ങളായി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചുവരുന്നുണ്ട്.