'മമത സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, രാജിവെക്കണം': യുവഡോക്ടറുടെ കൊലപാതകത്തിൽ നിർഭയയുടെ അമ്മ

'പ്രതിഷേധങ്ങൾ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്'

Update: 2024-08-18 13:22 GMT
Advertising

ന്യൂഡൽഹി: കൊൽക്കത്തയിലെ യുവഡ‍ോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ പ്രതികരണവുമായി 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ ഇരയായ നിർഭയയുടെ അമ്മ. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തൻ്റെ അധികാരം ഉപയോഗിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം പ്രതിഷേധങ്ങൾ നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അവർ പി.ടി.ഐയോട് പറഞ്ഞു.

'അവരും ഒരു സ്ത്രീയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തം നിർവഹിക്കേണ്ടതായിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ അവർ രാജിവയ്ക്കണം.' അവർ കൂട്ടിച്ചേർത്തു.

വനിതാ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മമത വെള്ളിയാഴ്ച കൊൽക്കത്തയിലെ മൗലാലിയിൽ നിന്ന് ഡൊറിനാ ക്രോസിംഗിലേക്ക് പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയിരുന്നു.

ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പി.ജി ഡോക്ടറെ ക്രൂരബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിൽ സിവിക് വളണ്ടിയറായ സഞ്ജയ് റോയ് അറസ്റ്റിലായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News