ഒറ്റത്തെരഞ്ഞെടുപ്പ് ബിൽ; നിതിൻ ഗഡ്ഗരി വിട്ടുനിന്നതോടെ പ്രതിരോധത്തിലായി ബിജെപി നേതൃത്വം
നാല് മന്ത്രിമാരടക്കം 20 എംപിമാരോട് വിപ്പ് ലംഘിച്ചതിന് ബിജെപി വിശദീകരണം തേടി
ഡല്‍ഹി: ഒറ്റത്തെരഞ്ഞെടുപ്പ് ബിൽ അവതരണത്തിൽ നിതിൻ ഗഡ്ഗരി വിട്ടുനിന്നതോടെ പ്രതിരോധത്തിലായി ബിജെപി കേന്ദ്ര നേതൃത്വം. പാർട്ടിയിലെ ഉന്നത നേതാക്കൻമാർക്ക് തന്നെ യോജിപ്പില്ലെന്ന ചർച്ചയ്ക്ക് ഗഡ്ഗരിയുടെ വിട്ടുനിൽക്കൽ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. നാല് മന്ത്രിമാരടക്കം 20 എംപിമാരോട് വിപ്പ് ലംഘിച്ചതിന് ബിജെപി വിശദീകരണം തേടി.
ഒറ്റത്തെരഞ്ഞെടുപ്പ് ബില്ല് അവതരണ സമയത്ത് എല്ലാവരും ലോക്സഭയിൽ ഉണ്ടാകണമെന്ന് കാട്ടി ബിജെപി എംപിമാർക്ക് 3 വരി വിപ്പ് നൽകിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്ഗരി,ഗിരിരാജ് സിംഗ്, സി.ആർ പാട്ടീൽ, ജ്യോതിരാദിത്യ സിന്ധ്യ അടക്കം ഇരുപതോളം പേരാണ് വിപ്പ് ലംഘിച്ച് സഭയിൽ എത്താത്തത്. ഭൂരിപക്ഷ വോട്ട് നേടി ബില്ല് അവതരിപ്പിച്ചെങ്കിലും വോട്ടെടുപ്പിൽ ശക്തി പ്രകടിപ്പിക്കാൻ സാധിക്കാത്തത് ബിജെപി ദേശീയ നേതൃത്വത്തെ കടുത്ത ആശങ്കയിൽ ആക്കിയിരിക്കുകയാണ്.
വിപ്പ് ലംഘിച്ചവർക്ക് ഇന്നലെ തന്നെ ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.എന്നാൽ ഭരണപക്ഷത്ത് ഉള്ളവർക്ക് തന്നെ ബില്ലിനെ എതിർക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.അതേസമയം ബില്ല് പരിഗണിക്കാൻ ഉള്ള സംയുക്ത പാർലമെന്‍ററി സമിതിയെ ഉടൻ പ്രഖ്യാപിക്കും .