രാഷ്ട്രീയക്കാരില്‍ സന്തോഷവാന്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് നിതിന്‍ ഗഡ്കരി
ഗുജറാത്തില്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചും രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നതകള്‍ മൂലം മന്ത്രിസഭാ വികസനം വൈകുന്നതിനെക്കുറിച്ചുമായിരുന്നു ഗഡ്കരിയുടെ പ്രതികരണം.
രാഷ്ട്രീയക്കാരില്‍ സന്തോഷവാന്‍മാരെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അവര്‍ എപ്പോഴും അധികാരത്തിലും പദവിയിലും അസംതൃപ്തരായിരിക്കുമെന്നും ഗഡ്കരി പറഞ്ഞു. ജയ്പൂരില്‍ 'പാര്‍ലിമെന്ററി സംവിധാനവും ജനങ്ങളുടെ പ്രതീക്ഷയും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എല്‍.എമാര്‍ മന്ത്രിമാരാവാത്തതില്‍ ദുഃഖിതരായിരിക്കും; മന്ത്രിമാര്‍ കൂടുതല്‍ നല്ല വകുപ്പുകള്‍ കിട്ടാത്തതില്‍ അതൃപ്തിയുള്ളവരായിരിക്കും; നല്ല വകുപ്പുകള്‍ ലഭിച്ചാല്‍ അപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ കഴിയാത്തതിലായിരിക്കും വിഷമം. ഇനി മുഖ്യമന്ത്രിയായാല്‍ എത്രകാലം ആ പദവിയില്‍ തുടരാനാവുമെന്നതിനെ കുറിച്ചുള്ള ആശങ്കയിലായിരിക്കും അവര്‍-ഗഡ്കരി പറഞ്ഞു.
ഗുജറാത്തില്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചും രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നതകള്‍ മൂലം മന്ത്രിസഭാ വികസനം വൈകുന്നതിനെക്കുറിച്ചുമായിരുന്നു ഗഡ്കരിയുടെ പ്രതികരണം.
സംസ്ഥാനത്ത് വലിയ ഉപയോഗമില്ലാത്ത രാഷ്ട്രീയക്കാരെ ഡല്‍ഹിയിലേക്ക് അയക്കും ഡല്‍ഹിയിലും ഉപയോഗമില്ലാത്തവരെ ഗവര്‍ണര്‍മാരാക്കും അതിന് കഴിയാത്തവരെ അംബാസഡര്‍മാരായി നിയമിക്കും-പ്രശസ്ത ആക്ഷേപഹാസ്യ സാഹിത്യകാരനായ ശരത് ജോഷിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഗഡ്കരി പറഞ്ഞു.
താന്‍ ബി.ജെ.പി പ്രസിഡന്റായിരുന്ന കാലത്ത് സങ്കടപ്പെടാത്ത ഒരാളെയും തനിക്ക് കാണാനായിട്ടില്ല. ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു എങ്ങനെ സന്തോഷവാനായിരിക്കാം? ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാത്തവര്‍ക്ക് സന്തോഷവാനായിരിക്കാമെന്നായിരുന്നു എന്റെ മറുപടി.
മുമ്പ് ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ നാഗ്പൂരിലെ ഒരു സുഹൃത്ത് എന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ബി.ജെ.പി വലിയ ശക്തിയായിരുന്നില്ല. പക്ഷെ ക്ഷണം ഞാന്‍ നിരസിക്കുകയായിരുന്നു. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. പക്ഷെ നമ്മള്‍ നമ്മുടെ പ്രത്യയശാസ്ത്രത്തില്‍ എല്ലായിപ്പോഴും കുലീനരായിരിക്കണം. സാമൂഹ്യ സേവനമാണ് രാഷ്ട്രീയത്തിന്റെ പ്രധാനലക്ഷ്യം. സമൂഹത്തിലെ അവസാന വ്യക്തിയുടെയും സാമൂഹ്യ-സാമ്പത്തിക പുരോഗതി ഉറപ്പാക്കാനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമാണത്-ഗഡ്കരി പറഞ്ഞു.