'ചീറ്റകൾക്ക് ഇരയായി രാജസ്ഥാനിലെ പുള്ളിമാനുകൾ'; പ്രതിഷേധങ്ങൾ തള്ളി മധ്യപ്രദേശ് സർക്കാർ
കുനോ നാഷണൽ പാർക്കിൽ 20,000-ലധികം പുള്ളിമാനുകൾ ഉണ്ട്. പുറത്ത് നിന്ന് എത്തിക്കേണ്ട ആവശ്യമില്ലെന്ന് വനംവകുപ്പ് പറഞ്ഞു.
ഭോപ്പാൽ: നമീബയിൽ നിന്ന് കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ചീറ്റകൾക്ക് ഇരകളായി രാജസ്ഥാനിൽ നിന്ന് പുള്ളിമാനുകളെ എത്തിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി മധ്യപ്രദേശ് സർക്കാർ. പുതിയ അതിഥികൾക്ക് ഭക്ഷണമായി രാജസ്ഥാനിൽ നിന്ന് പ്രത്യേക ഇനത്തിൽ പെട്ട പുള്ളിമാനുകളെ എത്തിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനിലെ ബിഷ്‌ണോയി സമുദായം പ്രതിഷേധവുമായി രംഗത്തെത്തി. മരുഭൂമിയിലെ പുള്ളിമാനുകൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വിവേചനരഹിതമായ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബിഷ്‌ണോയികൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഹരിയാനയിലെ ഫത്തേഹാബാദിലെ മിനി സെക്രട്ടേറിയറ്റിന് പുറത്ത് ബിഷ്‌ണോയി സമുദായാംഗം കുത്തിയിരിപ്പ് സമരം നടത്തുകയും തീരുമാനത്തെ എതിർത്ത് ജില്ലാ കളക്ടർക്ക് നിവേദനം നൽകുകയും ചെയ്തു.
എന്നാൽ, രാജസ്ഥാനിൽ നിന്ന് മധ്യപ്രദേശിലേക്ക് ഒരു പുള്ളിമാനെ പോലും കൊണ്ടുവന്നിട്ടില്ലെന്നും അതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശം ലഭിച്ചിട്ടില്ലെന്നും മധ്യപ്രദേശ് വനംവകുപ്പ് വ്യക്തമാക്കി. കുനോ നാഷണൽ പാർക്കിൽ 20,000-ലധികം പുള്ളിമാനുകൾ ഉണ്ട്. പുറത്ത് നിന്ന് എത്തിക്കേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് പറഞ്ഞു.
1952ൽ രാജ്യത്തുനിന്ന് അപ്രത്യക്ഷമായ ചീറ്റകൾ ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ മണ്ണു തൊടുന്നത്. ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ച ഇവയെ കുനോയിലേക്ക് ഹെലികോപ്ടർ വഴിയാണ് കൊണ്ടുവന്നത്. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടത്.