മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെ; പിന്തുണച്ച് കോൺഗ്രസ്
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്


മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര നവനിര്‍മാൺ സേന(എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ 'അവിശ്വസനീയം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
തന്റെ പാർട്ടിക്ക് കിട്ടിയ വോട്ടുകൾ കാണാനില്ലെന്നു പറഞ്ഞ രാജ് താക്കറെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം ലഭിച്ച അജിത് പവാറിന് എങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിൽ 40ലേറെ സീറ്റുകൾ ലഭിച്ചതെന്ന് ചോദിച്ചു. പൊതു തെരഞ്ഞെടുപ്പിന് ശേഷം വെറും നാല് മാസത്തിനുള്ളിൽ ആളുകൾ തങ്ങളുടെ അഭിപ്രായം ഇത്ര പെട്ടെന്ന് മാറിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലത്തിൽ ജനങ്ങള്‍ക്കിടയിൽ വിശ്വാസ്യത ഇല്ലെന്നും വിജയിച്ച സ്ഥാനാര്‍ഥികളുടെ പ്രതികരണങ്ങൾ പോലും ഇതാണ് തെളിയിക്കുന്നതെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.
1,400 ഓളം വോട്ടർമാരുള്ള തൻ്റെ ഗ്രാമത്തിൽ നിന്ന് ഒരു വോട്ട് പോലും എംഎൻഎസിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. “തൻ്റെ ഗ്രാമത്തിൽ നിന്ന് രാജു പാട്ടീലിന് ഒരു വോട്ട് പോലും കിട്ടിയില്ല... അതെങ്ങനെ സാധ്യമാകും? രാജു പാട്ടീലിന് ലഭിക്കേണ്ടിയിരുന്ന 1400 വോട്ടുകളിൽ ഒരു വോട്ടു പോലും അദ്ദേഹത്തിന് ലഭിച്ചില്ല'' മുംബൈയിൽ പാർട്ടി യോഗത്തിൽ സംസാരിക്കവെ താക്കറെ വിശദീകരിച്ചു. മുൻ മഹാരാഷ്ട്ര നിയമസഭയിലെ ഏക എംഎൻഎസ് എംഎൽഎയായ രാജു പാട്ടീൽ, താനെ ജില്ലയിലെ കല്യാൺ റൂറലിൽ നിന്ന് 2019 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. ''ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് 13 സീറ്റുകളും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എട്ട് സീറ്റുകളും നേടിയിരുന്നു.എന്നൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യഥാക്രമം 16, 10 സീറ്റുകൾ മാത്രമാണ് നേടാനായത്.മറുവശത്ത്, അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ഒരു ലോക്‌സഭാ സീറ്റ് മാത്രമാണ് നേടിയതെങ്കിലും 42 നിയമസഭാ സീറ്റുകൾ നേടി. അതെങ്ങനെ സാധ്യമാകും?” എംഎൻഎസ് മേധാവി ചോദിച്ചു.
സംഗമനേര്‍ മണ്ഡലത്തിൽ പരാജയപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ടിൻ്റെ ഞെട്ടിക്കുന്ന തോൽവിയെക്കുറിച്ചും താക്കറെ പരാമർശിച്ചു. '' 70-80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോറാട്ട് നേരത്തെ ജയിച്ചത്. എന്നാല്‍ ഇത്തവണ പതിനായിരത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്'' അദ്ദേഹം പറഞ്ഞു. ഒരു ആര്‍എസ്എസ് നേതാവ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആശ്ചര്യം പ്രകടിപ്പിച്ചതായും താക്കറെ പരാമർശിച്ചു. എംഎൻഎസ് നേതാവിൻ്റെ നിലപാടിനെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് തോറാട്ട് ഇവിഎം ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷവുമായി ഒന്നിക്കണമെന്ന് അഭ്യർത്ഥിച്ചു. ''ജനാധിപത്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റ് സ്ഥാപനങ്ങളെയും ഉപയോഗിച്ച് ജനാധിപത്യം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഒരേ വേദിയിൽ ഒത്തുകൂടണം'' തോറാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങളെയും ഇവിഎമ്മുകളെയും കുറ്റപ്പെടുത്തുന്നതിന് പകരം രാജ് താക്കറെ തൻ്റെ പാർട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രതികരണം.