'പാചകം ചെയ്യാന്‍ മാത്രമറിയാം; ബി.ജെ.പി വനിതാ സ്ഥാനാര്‍ഥിക്കെതിരായ കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍
പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിച്ച ശിവശങ്കരപ്പ ഗായത്രിക്ക് പൊതുപ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഇല്ലെന്ന് പരിഹസിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ വനിതാ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരായ കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷാമനൂർ ശിവശങ്കരപ്പയാണ് കർണാടകയിലെ ദാവൻഗെരെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ധേശ്വരയുടെ ഭാര്യ ഗായത്രി സിദ്ധേശ്വരക്കെതിരെ രംഗത്തെത്തിയത്. അടുക്കളയില്‍ പാചകം ചെയ്യാന്‍ മാത്രമേ അറിയൂ എന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിച്ച ശിവശങ്കരപ്പ ഗായത്രിക്ക് പൊതുപ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഇല്ലെന്ന് പരിഹസിച്ചു. 'തെരഞ്ഞെടുപ്പിൽ വിജയിച്ച് മോദിക്ക് താമരപ്പൂവ് നൽകാനാണ് അവര്‍ ആഗ്രഹിക്കുന്നത്, നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ദാവംഗരെയിലെ പ്രശ്നങ്ങൾ ആദ്യം അവർ മനസ്സിലാക്കട്ടെ. ഞങ്ങൾ (കോൺഗ്രസ്) മേഖലയിൽ വികസന പ്രവർത്തനങ്ങൾ നടത്തി. സംസാരിക്കാൻ അറിയേണ്ടത് ഒരു കാര്യമാണ്, പക്ഷേ അവർക്ക് അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമേ അറിയൂ. പ്രതിപക്ഷ പാർട്ടിക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ശക്തിയില്ല'' ശിവശങ്കരപ്പ പറഞ്ഞു.
92 കാരനായ കോൺഗ്രസ് നേതാവും ദാവൻഗെരെ സൗത്തിൽ നിന്ന് അഞ്ച് തവണ എം.എൽ.എയുമായ ശിവശങ്കരപ്പ പാർട്ടിയുടെ ഏറ്റവും പ്രായം കൂടിയ എം.എൽ.എയാണ്. അദ്ദേഹത്തിൻ്റെ മരുമകൾ പ്രഭ മല്ലികാർജുനാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. ഭർത്താവ് എസ്.എസ്.മല്ലികാർജുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭയിലെ ഹോർട്ടികൾച്ചർ മന്ത്രിയാണ്.
''പാചകം മാത്രം ചെയ്ത് അടുക്കളയിൽ തന്നെ ഇരിക്കണം എന്ന വിധത്തിൽ പറഞ്ഞു. ഇന്നത്തെ സ്ത്രീകൾ എന്ത് തൊഴിലിലാണ് ഇല്ലാത്തത്? ഞങ്ങൾ ആകാശത്ത് പോലും പറക്കുന്നു.സ്ത്രീകൾ എത്രമാത്രം പുരോഗമിച്ചുവെന്ന് ഈ വൃദ്ധന് അറിയില്ല. എല്ലാ സ്ത്രീകളും സ്നേഹം കൊണ്ടാണ് പുരുഷന്മാർക്കും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വീട്ടിൽ പാചകം ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയില്ല," ഗായത്രി പ്രതികരിച്ചു. ശിവശങ്കരപ്പയുടെ പരാമർശത്തെ ബി.ജെ.പി അപലപിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തതായി പാർട്ടി വക്താവ് മാളവിക അവിനാഷ് പറഞ്ഞു.