നീറ്റ് വിവാദം പാർലമെന്റിൽ ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം; ഇന്ന് വിദ്യാർഥി സംഘടനകളുടെ പാർലമെന്റ് മാർച്ച്
നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് എൻ.എസ്.യുവും എം.എസ്.എഫും ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും.
ന്യൂഡൽഹി: നീറ്റ് വിവാദം പാർലമെന്റിൽ ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം. കോൺഗ്രസ് വിഷയം സഭയിൽ ഉന്നയിച്ചേക്കും. കേസിൽ കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ച് സി.ബി.ഐ അന്വേഷണം ഊർജ്ജതമാക്കി. നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് എൻ.എസ്.യുവും എം.എസ്.എഫും ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ നീറ്റ് ക്രമക്കേട് വലിയ ചർച്ചാവിഷയമാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷം. എൻ.ടി.എയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാണെന്ന വിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്താൻ ഉത്തർപ്രദേശും ബിഹാറും നിയമനടപടികൾക്ക് ഒരുങ്ങുകയാണ്. അതിനിടെ നീറ്റ് പരീക്ഷ ക്രമക്കേടിൽ 63 വിദ്യാർഥികളെ എൻ.ടി.എ ഡീ ബാർ ചെയ്തിട്ടുണ്ട്.
നീറ്റ് പുനപ്പരീക്ഷ എഴുതാൻ വിദ്യാർഥികൾ എത്താതിരുന്നതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ഉയർത്താനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം. 1563ൽ 813 വിദ്യാർഥികൾ മാത്രമാണ് നീറ്റ് പുന പരീക്ഷ എഴുതാൻ എത്തിയത്. അതിനിടെ നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സി.ബി.ഐ സംഘത്തിന് നേരെ ബിഹാറിലെ നവാഡയിൽ ആക്രമണമുണ്ടായി. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കോച്ചിങ് സെന്ററുകൾ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ ഇ.ഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.