‘ചട്ടങ്ങൾക്കനുസരിച്ചല്ല സമിതിയുടെ പ്രവർത്തനം’; വഖഫ് ബിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എംപിമാർ

ജെപിസി അധ്യക്ഷനെ നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് അപേക്ഷ നൽകി

Update: 2024-10-14 16:17 GMT
Advertising

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിയുടെ തിങ്കളാഴ്ചത്തെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എംപിമാർ. ചട്ടങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ചല്ല സമിതി പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർ യോഗം ബഹിഷ്കരിച്ചത്.

കോൺഗ്രസിലെ ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, ഡിഎംകെയിലെ എ. രാജ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അരവിന്ദ് സാവന്ത്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, സമാജ്‍വാദി പാർട്ടിയുടെ മുഹിബ്ബുള്ള, ആപ്പിന്റെ സഞ്ജയ് സിങ് എന്നിവരാണ് യോഗനടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പഠിക്കുന്ന ജെപിസി ചടങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് അരവിന്ദ് സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെപ്പോലുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കാൾക്കെതിരെ അംഗങ്ങൾ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നവർ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു.

അടുത്ത പരിപാടികൾ തീരുമാനിക്കാനായി പ്രതിപക്ഷ എംപിമാർ പ്രത്യേക യോഗം ചേരുകയും ചെയ്തു. വിഷയത്തിൽ ലോക്സഭാ സ്പീക്കറെ സമീപിക്ക​ു​ന്നതടക്കമുള്ള നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. മുതിർന്ന ബിജെപി നേതാവ് ജഗദാംബിക പാൽ എംപിയാണ് ജെപിസിയുടെ അധ്യക്ഷൻ. ഇദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് പിന്നീട് പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കർക്ക് അപേക്ഷ നൽകി. കൂടാതെ തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News