'ബിജെപിയെ സഹായിച്ചത് നിങ്ങളാണ്': വഖഫ് നിയമ ഭേദഗതിയിൽ ചന്ദ്രബാബുവിനെയും നിതീഷിനെയും വിമർശിച്ച് ഉവൈസി
''ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നീ നേതാക്കൾ എതിർത്താൽ ബിജെപിക്ക് വഖഫ് ഭേദഗതി ബിൽ പാസാക്കാനാകില്ല''


ഹൈദരാബാദ്: ആഡ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവരുൾപ്പെടെയുള്ള എൻഡിഎ നേതാക്കള്‍ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി.
മുസ്‌ലിം സ്ഥാപനങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിന് ബിജെപിയെ പ്രാപ്തമാക്കിയതിന്റെ ഉത്തരവാദികള്‍ നിങ്ങളാണെന്നും അവരോട് സമുദായം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിമര്‍ശനം.
''ഈ നാല് നേതാക്കൾ വഖഫ് ഭേദഗതി ബിൽ നിരസിച്ചാൽ ബിജെപിക്ക് അവതരിപ്പിക്കാനാകില്ല. പക്ഷേ അവർ ബിജെപിയെ മുസ്‌ലിംകളുടെ സ്ഥാപനങ്ങളെ ലക്ഷ്യമിടാന്‍ ബിജെപിയെ സഹായിക്കുകയാണ്''- ഉവൈസി പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങളിൽ (കമ്മിറ്റികളിൽ) ഹിന്ദു അംഗങ്ങൾ മാത്രമേ ഉണ്ടാകാവൂ, ഗുരുദ്വാരകളിൽ സിഖ് അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ, പിന്നെ എങ്ങനെയാണ് മുസ് ലിം അല്ലാത്തൊരാള്‍ക്ക് വഖഫ് ബോർഡിന്റെ ഭാഗമാകാൻ കഴിയുക?ഇത് എന്ത് നീതിയാണ്?- അദ്ദേഹം ചോദിച്ചു.
ഹിന്ദു, മുസ്‌ലിം,സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ക്കൊപ്പം ഭരണഘടനയ്ക്കുപോലുമുള്ള യഥാർത്ഥ അപകടം നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പ്രത്യയശാസ്ത്രത്തിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡുകളിൽ ഈദ് പ്രാർത്ഥനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ഉത്തര്‍പ്രദേശ് മീററ്റ് പൊലീസിന്റെ നപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരെ കറുപ്പ് റിബൺ ധരിച്ചാണ് മുസ്‌ലിം ലീഗ് എംപിമാർ ഇന്നലെ ജുമുഅക്ക് (വെള്ളിയാഴ്ച പ്രാര്‍ഥന) എത്തിയിരുന്നത്. റിബൺ ധരിച്ച് എംപിമാർ ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുത്തു. എംപിമാരായ ഇടി മുഹമ്മദ് ബഷീർ, അബ്ദുൽ സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ പങ്കെടുത്തു. മുസ്‌ലിം വ്യക്തിനിയമ ബോർഡ് ആഹ്വാന പ്രകാരമായിരുന്നു പ്രതിഷേധം.