വൈദ്യുതി ക്ഷാമത്തിന് മോദി സർക്കാരിനെ കുറ്റപ്പെടുത്തരുത്; അത് 60 വർഷത്തെ കോൺഗ്രസ് ഭരണം മൂലമാണ്: പരിഹസിച്ച് പി.ചിദംബരം
കൽക്കരി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.
ന്യൂഡൽഹി: രാജ്യത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കി കൽക്കരിക്കടത്ത് വേഗത്തിലാക്കുന്നതാണ് ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ കണ്ടെത്തിയ വഴിയെന്ന് അദ്ദേഹം പരിഹസിച്ചു.
''സമൃദ്ധമായ കൽക്കരി, വലിയ റെയിൽ ശൃംഖല, താപനിലയങ്ങളിൽ ഉപയോഗിക്കാത്ത ശേഷി. എന്നിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാണ്. മോദി സർക്കാരിനെ കുറ്റപ്പെടുത്താനാവില്ല. 60 വർഷത്തെ കോൺഗ്രസ് ഭരണമാണ് അതിന് കാരണം'' -ചിദംബരം ട്വീറ്റ് ചെയ്തു.
കൽക്കരി, റെയിൽവേ, ഊർജ മന്ത്രാലയങ്ങളുടെ കഴിവില്ലായ്മയിലല്ല നേരത്തെ ആ വകുപ്പുകൾ കൈകാര്യം ചെയ്ത കോൺഗ്രസ് മന്ത്രിമാർക്കാണ് കുറ്റം-ചിദംബരം പറഞ്ഞു.
ഉഷ്ണതരംഗം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡായ 207.11 ജിഗാ വാട്ട് ആണ് രേഖപ്പെടുത്തിയത്. കൽക്കരി നീക്കം വേഗത്തിലാക്കുന്നതിന് വേണ്ടി 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിരുന്നു.
ഒമ്പത് സംസ്ഥാനങ്ങളിൽ രൂക്ഷമായ വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. രാജസ്ഥാൻ, യു.പി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് വൈദ്യുതക്ഷാമം ഏറ്റവും രൂക്ഷമായത്. പല സംസ്ഥാനങ്ങളിലും എട്ട് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് വിവരം.