ചോര്‍ത്തല്‍ നടന്നോ ഇല്ലയോ? പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം-പി.ചിദംബരം
ഒരാഴ്ച മുമ്പാണ് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഇതേക്കുറിച്ച് പ്രധാന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഒരു പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുകയോ സിറ്റിങ് ജഡ്ജിയെ ഉപയോഗിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തുകയോ വേണം. പാര്‍ലമെന്ററി ഐ.ടി കമ്മിറ്റി അന്വേഷിക്കുന്നതിലും നല്ലത് ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ഈ വിഷയം അന്വേഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷവും ബി.ജെ.പി അംഗങ്ങളുള്ള ഒരു കമ്മിറ്റി അന്വേഷിച്ചതുകൊണ്ട് കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആരോപണം നിഷേധിക്കുകയായിരുന്നു. രാജ്യത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളാണ് വാര്‍ത്തക്ക് പിന്നിലെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം.എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അമിത് ഷായുടെ പ്രസ്താവനക്കും ചിദംബരം മറുപടി പറഞ്ഞു. തന്റെ കീഴില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.