ഫലസ്തീൻ ബാഗ്; വിമർശനവുമായി ബിജെപി, ചുട്ട മറുപടിയുമായി പ്രിയങ്ക
"താൻ എന്താണ് ധരിക്കുക എന്നത് താനല്ലാതെ വേറെ ആരാണ് തീരുമാനിക്കുക"; പ്രിയങ്ക ഗാന്ധി
Update: 2024-12-16 12:36 GMT
ന്യൂഡൽഹി: ഇന്ന് ലോക്‌സഭയിലേക്ക് ഫലസ്തീൻ ബാഗ് ധരിച്ചെത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പ്രിയങ്ക രാഹുലിനെക്കാൾ വലിയ ദുരന്തമെന്ന് പറഞ്ഞ ബിജെപി, പ്രിയങ്ക കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും വാർത്തകൾക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ബിജെപി പറഞ്ഞു. ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും ബിജെപി പരിഹസിച്ചു.
എന്നാൽ ബിജെപിയുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വയനാട് എംപി. തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്ന് പറഞ്ഞ പ്രിയങ്ക, താൻ എന്താണ് ധരിക്കുക എന്നത് താനല്ലാതെ വേറെ ആരാണ് തീരുമാനിക്കുക എന്ന് ചോദിച്ചു. ഏന്ത് ധരിക്കരുതെന്നും ധരിക്കണമെന്നും പറയുന്നത് പുരുഷാധിപത്യമാണെന്നും കൂട്ടിച്ചേർത്തു.