137 ദിവസം ഇന്ധനവില കൂട്ടിയില്ല; എണ്ണ കമ്പനികൾക്ക് നഷ്ടം 19,000 കോടി രൂപ

ക്രൂഡോയിൽ വില ബാരലിന് 111 ഡോളറിൽ തുടർന്നാൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾക്ക് എല്ലാം കൂടി പ്രതിദിനം ഉണ്ടാകാൻ പോകുന്ന നഷ്ടം 65-70 മില്യൺ ഡോളറായിരിക്കും.

Update: 2022-03-24 16:18 GMT
Editor : Nidhin | By : Web Desk
Advertising

ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വർധിക്കാൻ ആരംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയിട്ടും കഴിഞ്ഞ വർഷം നവംബർ മുതൽ ഈ മാസം മാർച്ച് 22 വരെ ഇന്ത്യയിൽ ഇന്ധനവില കൂടിയിട്ടില്ലായിരുന്നു. അതിന് പിന്നിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായിരുന്നു എന്ന വിമർശനങ്ങൾക്കിടയിൽ വ്യത്യസ്തമായൊരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ മൂഡീസ്.

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കൂടിയിട്ടും രാജ്യത്ത് ഇന്ധനവില കൂടാതിരുന്ന 2021 നവംബർ 4 മുതൽ 2022 മാർച്ച് 21 വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്ധന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി-IOC), ഭാരത് പെട്രോളിയം കോപർപ്പറേഷൻ (ബിപിസിഎൽ-BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ-HPCL) എന്നിവയ്ക്ക് 2.25 ബില്യൺ യുഎസ് ഡോളർ (19,000 കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടായതായാണ് മൂഡിസിന്റെ കണക്ക് വ്യക്തമാക്കുന്നത്.

2021 നവംബറിൽ ബാരലിന് 82 യുഎസ് ഡോളറുണ്ടായിരുന്ന ക്രൂഡോയിൽ വില മാർച്ചിലെ ആദ്യത്തെ മൂന്ന് ആഴ്ചകളിൽ ശരാശരി വില 111 യുഎസ് ഡോളറായി വരെ വില ഉയർന്നിരുന്നു.

മാസങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയും വർധിപ്പിച്ചിരുന്നു.

എന്നാൽ ഇതും പര്യാപ്തമല്ലെന്നാണ് മൂഡിസിന്റെ കണക്ക് വ്യക്തമാക്കുന്നത്. നിലവിലെ ക്രൂഡോയിൽ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ബാരലിന് 25 ഡോളർ (1,900 രൂപ) നഷ്ടത്തിലാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ എന്നിവ എണ്ണ കമ്പനികൾ വിൽക്കുന്നത്.

ക്രൂഡോയിൽ വില ബാരലിന് 111 ഡോളറിൽ തുടർന്നാൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾക്ക് എല്ലാം കൂടി പ്രതിദിനം ഉണ്ടാകാൻ പോകുന്ന നഷ്ടം 65-70 മില്യൺ ഡോളറായിരിക്കും.

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡോയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുതിച്ചു കയറിയത്.

നിലവിലെ അവസ്ഥയിൽ അധികം നാൾ നഷ്ടം സഹിച്ച് ഇന്ധനവിതരണം തുടരാൻ എണ്ണ കമ്പനികൾ തയാറാകില്ല. അതുകൊണ്ടു തന്നെ സർക്കാർ നികുതി കുറച്ചില്ലെങ്കിൽ വലിയ ഇന്ധനവിലക്കയറ്റമായിരിക്കും വരും ദിവസങ്ങളിൽ രാജ്യത്തുണ്ടാകാൻ പോകുന്നതെന്ന് മൂഡിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Summary: Petroleum Companies may 19000 crore in revenue due to fuel price freeze- Moody's

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News