നമിച്ചു പൊന്നേ, മോദിയെ നോക്കി കൈ കൂപ്പി യുവതി; ഇന്ധന വിലയ്‌ക്കെതിരെ വൈറലായി ചിത്രം
യൂത്ത് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് അടക്കമുള്ളവർ ചിത്രം ഷെയർ ചെയ്തു
ന്യൂഡൽഹി: ഇന്ധനവില വർധനയ്‌ക്കെതിരെ പല തരത്തിലാണ് രാജ്യത്ത് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. വില നൂറു കടന്നതോടെ, ക്രിക്കറ്റിൽ സെഞ്ച്വറി അടിച്ച പോലെ ഇരുകൈകളും പൊക്കിയുള്ള ആഘോഷമാണ് ഇതിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നത്. എന്നാൽ അതില്‍നിന്നു വ്യത്യസ്തമായ പ്രതിഷേധച്ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പെട്രോൾ പമ്പിൽ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്‌ളക്‌സിന് നേരെ കൈകൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ഇന്റർനെറ്റ് കീഴടക്കിയത്. സ്വന്തം കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രിയെ വണങ്ങുന്നതാണ് ചിത്രം. യൂത്ത് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് അടക്കമുള്ളവർ ചിത്രം ഷെയർ ചെയ്തു. ഇതിന് ക്യാപ്ഷൻ നൽകൂ എന്ന അടിക്കുറിപ്പാണ് ശ്രീനിവാസ് നൽകിയിട്ടുള്ളത്.
Caption this 👇 pic.twitter.com/NVC4FBmVIr
— Srinivas B V (@srinivasiyc) July 14, 2021
അതിനിടെ, തുടർച്ചയായ രണ്ടാം ദിനവും ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. കേരളമുൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില നൂറു കടന്നു. ഡീസൽ തൊണ്ണൂറ് രൂപയോട് അടുത്തു. മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വർധിച്ചത്. ഡൽഹിയിൽ 101.9 രൂപയാണ് ഒരു ലിറ്റർ പെട്രോൾ വില. ഡീസലിന് 89.72 രൂപ. മുംബൈയിൽ പെട്രോളിന് 107.20 രൂപയാണ്. ഡീസലിന് 97.29 രൂപ.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചു എന്നു പറഞ്ഞാണ് ഇന്ധന വില ദിനംപ്രതി വർധിപ്പിക്കുന്നത്. എന്നാൽ അസംസ്‌കൃത എണ്ണയുടെ വില താഴേക്കു പോയ ഘട്ടത്തിൽ ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.