'മോദിജി, ഇന്ത്യയുടെ പ്രതീക്ഷയുടെ പാലം'; യുക്രൈൻ രക്ഷാപ്രവർത്തനത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി കേന്ദ്രമന്ത്രി

സാമൂഹിക മാധ്യമമായ 'കൂ'വിലും ട്വിറ്ററിലുമൊക്കെ ഓപ്പറേഷൻ ഗംഗ ഹാഷ്ടാഗോടെ വന്ന പോസ്റ്റ് ഇൻറർനെറ്റിൽ വൈറലായിരിക്കുകയാണ്

Update: 2022-03-03 12:24 GMT
Advertising

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പ്രതീക്ഷയുടെ പാലമാണെന്ന് പുകഴ്ത്തി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. പാകിസ്താൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർ സഹായത്തിനായി നിലവിളിക്കവേ, വെള്ളം നിറഞ്ഞ കിടങ്ങിൽ ഇരുകൈകളും നീട്ടിവെച്ച് പാലം പോലെ നിൽക്കുന്ന മോദിയുടെ കൈകളിലൂടെ ഇന്ത്യക്കാർ നീങ്ങുന്ന കാരിക്കേച്ചർ പങ്കുവെച്ചാണ് മന്ത്രിയുടെ പുകഴ്ത്തൽ. സാമൂഹിക മാധ്യമമായ 'കൂ'വിലും ട്വിറ്ററിലുമൊക്കെ ഓപ്പറേഷൻ ഗംഗ ഹാഷ്ടാഗോടെ വന്ന പോസ്റ്റ് ഇൻറർനെറ്റിൽ വൈറലായിരിക്കുകയാണ്.

യുക്രൈനിൽനിന്ന് ഏറ്റവും വലിയ രക്ഷാപ്രവർത്തനം നടത്തുന്നത് ഇന്ത്യയാണ്. ചൈന, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങൾ രക്ഷാപ്രവർത്തനം നിർത്തിയിരിക്കുകയാണ്. പൗരന്മാരോട് സ്വന്തം നിലക്ക് രാജ്യത്തേക്ക് വരാനാണ് ഗവൺമെൻറുകൾ നിർദേശം നൽകിയിരിക്കുന്നത്. യുക്രൈനിൽനിന്ന് 17,000 ഇന്ത്യക്കാരെയാണ് സ്വന്തം നാട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്നും 19 വിമാനങ്ങൾ വരുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇതുവഴി 3726 പേരെത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. റൊമനിയയിലെ ബുഷാറെസ്റ്റിൽ നിന്ന് എട്ടും സുസേവയിൽ നിന്ന് രണ്ടും വിമാനങ്ങളിലായി 3726 ഇന്ത്യക്കാരെ ഇന്ന് തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സ്‌ലോവാക്യയിലെ കൊസീസെയിൽ നിന്ന് ഒന്നും ഹംഗറിയിലെ ബുഡാപെസ്റ്റിൽനിന്ന് അഞ്ചും പോളണ്ടിലെ റസെസോവിൽ നിന്ന് മൂന്നും വിമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ നാലു വിമാനങ്ങൾ 798 യാത്രക്കാരുമായി ഇന്ന് ഡൽഹി ഹിൻഡോൻ എയർബേസിലെത്തിയിട്ടുണ്ട്. ബുഷാറെസ്റ്റിൽ നിന്നുള്ള വിമാനം 183 യാത്രക്കാരുമായി മുംബൈയിലുമെത്തിയിട്ടുണ്ട്. തിരിച്ചെത്തുന്ന വിദ്യാർഥികളെ 'ഭാരത് മാതാ കീ ജയ്' വിളികളോടെയും പൂ നൽകിയുമാണ് കേന്ദ്ര മന്ത്രിമാർ സ്വീകരിക്കുന്നത്.

അതേസമയം, യുദ്ധം നാശം വിതയ്ക്കുന്ന യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ ഉചിതസമയത്ത് നടപടിയെടുക്കാതെ റോസാപൂ നൽകിയിട്ടെന്ത് കാര്യമെന്ന ചോദ്യവുമായി തിരിച്ചെത്തിയ വിദ്യാർഥി രംഗത്തെത്തിയിരുന്നു. ബിഹാർ മോത്തിഹാരി സ്വദേശിയായ ദിവ്യാൻഷു സിങാണ് യുക്രൈനിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നടപടി കൃത്യമായിരുന്നില്ലെന്ന് വിമർശിച്ചത്. എൻ.ഡി ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തിയ ദിവ്യാൻഷു അടക്കമുള്ളവരെ റോസാപൂ നൽകി സ്വീകരിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രസർക്കാറിനെതിരെ ഇദ്ദേഹം പ്രതികരിച്ചത്. ഇപ്പോൾ തങ്ങൾക്ക് റോസപൂ നൽകുന്നത് കൊണ്ട് എന്താണ് കാര്യമെന്നും എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ കുടുംബം എന്തു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ സംഘം കൃത്യമായ പദ്ധതിയോടെ നീങ്ങിയത് കൊണ്ടാണ് അധികം പ്രശ്‌നങ്ങളില്ലാതെ നാട്ടിലെത്തിയതെന്നും ഇല്ലെങ്കിൽ ഈ പൂ നൽകുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും ദിവ്യാൻഷു പറഞ്ഞു.

യുക്രൈൻ ബോർഡർ കടന്ന് ഹംഗറിയിലെത്തിയപ്പോൾ മാത്രമാണ് സഹായം കിട്ടിയതെന്നും യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം കിട്ടിയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. യുക്രൈനിൽ വെച്ച് സ്വന്തം നിലയ്ക്കാണ് കാര്യങ്ങൾ ചെയ്തതെന്നും തങ്ങൾ പത്തുപേരടങ്ങുന്ന സംഘം തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറിപ്പറ്റി അതിർത്തി കടക്കുകയായിരുന്നുവെന്നും ദിവ്യാൻഷു വ്യക്തമാക്കി. യുക്രൈനിൽ നിന്ന് രക്ഷപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായി വാർത്തയുണ്ടെങ്കിലും തങ്ങൾക്ക് യുക്രൈൻ നിവാസികൾ സഹായമാണ് ചെയ്തതെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ പോളണ്ട് അതിർത്തിയിൽ ചില വിദ്യാർഥികൾ പീഡനം നേരിട്ടുവെന്നും ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾക്ക് ഉചിത സമയത്ത് നടപടികൾ സ്വീകരിക്കാത്ത കേന്ദ്രസർക്കാറാണ് ഉത്തരവാദിയെന്നും മറിച്ചായിരുന്നെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. യു.എസ്സാണ് ആദ്യമായി പൗരന്മാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടതെന്നും ഇദ്ദേഹം പറഞ്ഞു.

Union Minister Piyush Goyal has hailed Prime Minister Narendra Modi as a bridge of hope for India as it rescues Indians from war-torn Ukraine.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News