''ചെന്നൈയിലേക്ക് വരൂ; ഞങ്ങൾ നോക്കിക്കോളാം...''; മുനവ്വർ ഫാറൂഖിക്ക് ഐക്യദാർഢ്യവുമായി ടിഎം കൃഷ്ണ
കഴിഞ്ഞ രണ്ടു മാസത്തിനിടെ മുനവ്വര്‍ ഫാറൂഖിയുടെ 12-ഓളം പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് റദ്ദാക്കിയിരുന്നു
ഹിന്ദുത്വ സംഘടനകളുടെ നിരന്തരവേട്ടയെ തുടർന്ന് സ്റ്റാൻഡ് അപ് കോമഡി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി തമിഴ് സംഗീതജ്ഞൻ ടിഎം കൃഷ്ണ. ഈ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പ്രതികരിച്ച കൃഷ്ണ മുനവ്വറിനെ ചെന്നൈയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''ഈ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു. കലാകാരനെ ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ബഹിഷ്‌കൃതനാക്കുകയും ചെയ്യുന്ന ഒരു രാജ്യം. മുനവ്വർ, ദയവായി ചെന്നൈയിലേക്ക് വരൂ... ഞങ്ങൾ നോക്കിക്കൊള്ളാം താങ്കളെ. എന്റെ വീട് താങ്കൾക്കായി തുറന്നുകിടക്കുകയാണ്. സസ്‌നേഹം...'' ടിഎം കൃഷ്ണ ട്വീറ്റ് ചെയ്തു.
Ashamed of this India, a country that will bully, hound and push an artist to the brink. @munawar0018 please do come to Chennai, we will take care of you. My home is open for you.
— T M Krishna (@tmkrishna) November 28, 2021
With much love
ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുനവ്വർ ഫാറൂഖിയുടെ പരിപാടിയുടെ അനുമതി കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരിയർ തന്നെ അവസാനിപ്പിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ മുനവ്വർ പ്രതികരിച്ചത്. 'വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു; എനിക്കു മതിയായി... വിട' എന്നായിരുന്നു മുനവ്വർ ഫാറൂഖിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടു മാസത്തിനിടെ അദ്ദേഹത്തിന്റെ 12-ഓളം പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു.
ബംഗളൂരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലാണ് സ്റ്റാൻഡപ് കോമഡി പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാൽ, ഷോ റദ്ദാക്കണമെന്ന് പൊലീസ് സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.
ഷോ നടത്താൻ അനുവദിക്കില്ലെന്ന് ബംഗളൂരുവിലെ ഹിന്ദു ജാഗരൺ സമിതി നേതാവ് മോഹൻ ഗൗഡ ഭീഷണി മുഴക്കിയിരുന്നു. 'ഞങ്ങൾ പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇൻഡോറിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ ഷോയിൽ മുനവ്വർ ഫാറൂഖി ഹിന്ദുക്കൾക്കെതിരെ പരാമർശങ്ങൾ നടത്തി വികാരം വ്രണപ്പെടുത്തി. പരിപാടി റദ്ദാക്കിയില്ലെങ്കിൽ ഞങ്ങൾ പ്രതിഷേധിക്കും'-മോഹൻ ഗൗഡയുടെ ഭീഷണി.
'600ലേറെ ടിക്കറ്റുകൾ വിറ്റതാണ്. ഞാൻ പറയാത്ത തമാശയുടെ പേരിൽ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എൻറെ പരിപാടി റദ്ദാക്കുന്നു. ഇത് അന്യായമാണ്. പല മതങ്ങളിൽപ്പെട്ടവരുടെ സ്‌നേഹം നേടിയ പരിപാടിയാണിത്. സെൻസർ സർട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികൾ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാൻ കരുതുന്നു. എന്റെ പേര് മുനവ്വർ ഫാറൂഖി എന്നാണ്. നിങ്ങൾ മികച്ച ശ്രോതാക്കളായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു'- എന്നാണ് മുനവ്വർ ഫാറൂഖി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ബജ്റംഗദളിന്റെ ഭീഷണിയെ തുടർന്ന് മുനവ്വറിന്റെ മുംബൈയിലെ പരിപാടി ആഴ്ചകൾക്കുമുൻപാണ് റദ്ദാക്കിയത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഒരു മാസം മുനവ്വറിനെ ജയിലിലടച്ചിരുന്നു. സ്റ്റാൻഡ് അപ് കോമഡിയുടെ റിഹേഴ്‌സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ കേട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, തെളിവ് ഹാജരാക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് അദ്ദേഹം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു.