ലോകത്തെ ജനപ്രിയനേതാവായി വീണ്ടും നരേന്ദ്രമോദി; ലോകനേതാക്കളെ ബഹുദൂരം പിന്നിലാക്കി- സർവേ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ , കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ എന്നിവർ ജനസമ്മതിയിൽ ബഹുദൂരം പിന്നിലാണ്

Update: 2022-08-27 07:42 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ ഫലം. ഗ്ലോബൽ ഡിസിഷൻ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മോണിങ് കൺസൽറ്റ് സംഘടിപ്പിച്ച സർവേയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി മറ്റു ലോക നേതാക്കളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തിയത്. സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരുടെ വോട്ട് ലഭിച്ചാണ് മോദി പട്ടികയിൽ മുന്നിലെത്തിയത്.

ആഗസ്റ്റ് 17നും 23 നും ഇടയിലായിരുന്നു മോണിങ് കൺസൽറ്റ് സർവേ നടത്തിയത്. ൬൩ ശതമാനം പിന്തുണ നേടിയ മെക്‌സിക്കൻ പ്രസിഡന്റ് മാനുവൽ ലോപ്പസ് ഒബ്രഡോർ, 58 ശതമാനം പിന്തുണ നേടിയ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ആസ്ടേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, 52 ശതമാനം പിന്തുണ നേടിയ ഇറ്റാലിയൻ പ്രസിഡന്റ് മാരിയോ ഡ്രാഗി തുടങ്ങിയവരാണ് മോദിക്ക് തൊട്ട് പിന്നിലെത്തിയ ലോകനേതാക്കൾ.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (41%), കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ (39%) എന്നിവർ ജനസമ്മതിയിൽ ബഹുദൂരം പിന്നിലാണ്. സർവേയിൽ പങ്കെടുത്ത 72ശതമാനം ഇന്ത്യക്കാരും നരേന്ദ്രമോദി ശരിയായ ദിശയിലാണ് രാജ്യത്തെ നയിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ്. കോവിഡ് കാലത്തെ നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് വർധിച്ച ജനസമ്മതിക്കു പിന്നിലെ സുപ്രധാന ഘടകം. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ മോദിസർക്കാർ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചതായി ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായി സർവേ നടത്തിയ ഏജൻസി അവകാശപ്പെട്ടു. അതേസമയം, റഷ്യ യുക്രൈൻ അധിനിവേശത്തിലെടുത്ത നിലപാടാണ് അമേരിക്ക, കാനഡ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രത്തലവന്മാരുടെ ജനപ്രീതി ഇടിയാൻ കാരണമെന്നുമാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലും  ഈ വര്‍ഷമാദ്യവും നടന്ന സര്‍വേയിലും ലോകത്തെ ഏറ്റവും ജനപ്രിയനായ നേതാവായി മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ്, രാഷ്ട്രീയക്കാർ, നിലവിലെ വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ ഡാറ്റ നൽകുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോണിംഗ് കൺസൾട്ട്. പ്രതിദിനം 20,000 അഭിമുഖങ്ങളും മോണിംഗ് കൺസൾട്ട്   നടത്തുന്നുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News