കോടതി പറഞ്ഞിട്ടും പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല; സ്റ്റേഷനിലെത്തി കര്‍ഷകന്‍ ജീവനൊടുക്കി
തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ അമ്മനാകൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലക്കോട്ട സ്വദേശിയായ പണ്ടി എന്ന 55 കാരനാണ് ജീവനൊടുക്കിയത്
ചെന്നൈ: പൊലീസ് സ്റ്റേഷനിലെത്തിയ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ അമ്മനാകൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലക്കോട്ട സ്വദേശിയായ പണ്ടി എന്ന 55 കാരനാണ് ജീവനൊടുക്കിയത്.
ഒരു സംഘം ആളുകൾ തങ്ങളുടെ കൃഷിസ്ഥലം കയ്യേറാൻ ശ്രമിക്കുന്നുവെന്നും തന്നെയും കുടുംബത്തേയും വധിക്കാൻ ശ്രമിക്കുമെന്നും ഭീഷണപ്പെടുത്തിയതായി കാണിച്ച് പാണ്ടിയുടെ മകൻ സതീഷ് നേരത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ കാര്യമായ നടപടിയുണ്ടായില്ല. പിന്നീട് ഇവർ മജിസ്‌ട്രേറ്റിനെ സമീപിച്ചു. തുടർന്ന് പരാതിയിൽ കർശന നടപടിയെടുക്കണമെന്ന് നിർദേശം നൽകി.
എന്നാൽ പെലീസ് പിന്നെയും നിഷ്‌ക്രിയത്വം തുടർന്നു. ഇതിൽ മനംമടുത്താണ് പാണ്ടി പൊലീസ് സ്റ്റേഷനിലെത്തി വിഷം കഴിച്ച് ജീവനൊടുക്കിയത്. ചൊവ്വാഴ്ച്ച രാത്രിയാണ് പാണ്ടി വിഷം കഴിച്ചത്. പൊലീസ് ഇദ്ദേഹത്തെ നിലക്കോട്ടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതോടെ ഡിണ്ടിഗലിലെ ആശുപത്രിയിലേക്ക് മറ്റിയെങ്കിലും മരിച്ചു. സംഭവശേഷം സതീഷ് നൽകിയ പരാതിയിൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു.
പൊലീസ് സ്റ്റേഷനിൽ കർഷകൻ വിഷം കഴിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നു. സ്റ്റേഷന്റെ പടിക്കെട്ടിൽ ഇരിക്കുന്ന പാണ്ടി പതിയെ ബോധരഹിതനാകുന്നതാണ് ദൃശ്യങ്ങളിൽ. ഈ സമയം ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം അടുത്ത് നിന്ന് ഫോണിൽ സംസാരിക്കുന്ന ഇൻസ്‌പെക്ടർ ഷൺമുഖ ലക്ഷമിയേയും കാണാം. മൂന്ന് മിനിറ്റോളമാണ് ഇവർ ഫോണിൽ സംസാരിച്ചത്. സംഭവത്തിൽ ഇവരെ സസ്‌പെന്റ് ചെയ്തു.