പാരഡി അക്കൗണ്ടിൽനിന്ന് ലോക്സഭാ സ്പീക്കറുടെ മകൾക്കെതിരെ വ്യാജ പോസ്റ്റ്: ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് പൊലീസ്
തനിക്കെതിരെ കേസെടുത്തെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് ധ്രുവ് റാഠി
മുംബൈ: പാരഡി അക്കൗണ്ടിൽനിന്ന് വ്യാജ പോസ്റ്റിട്ടതിന് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ പൊലീസ്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകൾക്കെതിരെ ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ടിൽ വന്ന പോസ്റ്റിന്റെ പേരിലാണ് നടപടി. ഓം ബിർളയുടെ മകൾ പരീക്ഷ എഴുതാതെ തന്നെ യു.പി.എസ്.സി പരീക്ഷയിൽ വിജയിച്ചെന്നായിരുന്നു പോസ്റ്റ്.
അതേസമയം, ധ്രുവ് റാഠിയുമായി ബന്ധമുള്ള അക്കൗണ്ടല്ല ഇത്. ‘ഇത് ഫാൻ ആൻഡ് പാരഡി അക്കൗണ്ടാണ്. ധ്രുവ് റാഠിയുടെ യഥാർഥ അക്കൗണ്ടുമായി ബന്ധമില്ല. ആൾമറാട്ടം നടത്തുന്നില്ല. ഈ അക്കൗണ്ട് ഒരു പാരഡിയാണ്’ -എന്നാണ് ഈ അക്കൗണ്ടിന്റെ ‘എക്സ്’ ബയോയിൽ നൽകിയിട്ടുള്ളത്.
ഓം ബിർളയുടെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം ബോധപൂർവമുള്ള അപമാനം, അനിഷ്ട കാര്യങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന എന്നീ കുറ്റങ്ങളും ഐ.ടി നിയമവുമാണ് അധികൃതർ ചുമത്തിയിരിക്കുന്നത്.
അതേസമയം, ഇത് ധ്രുവ് റാഠിയുമായി ബന്ധമുള്ള അക്കൗണ്ടല്ലെന്ന് സൂചിപ്പിച്ചപ്പോൾ അക്കാര്യം ഞങ്ങൾ പരിശോധിക്കുകയാണെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്. കേസെടുത്തതിന് പിന്നാലെ പാരഡി അക്കൗണ്ടിൽനിന്ന് ശനിയാഴ്ച പുതിയ ട്വീറ്റ് വന്നു. ‘അഞ്ജലി ബിർളക്കെതിരായ എന്റെ പോസ്റ്റുളകും കമന്റുകളും മഹാരാഷ്ട്ര സൈബർ പൊലീസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വസ്തുതകൾ അറിയാതെ മറ്റൊരാളുടെ ട്വീറ്റുകൾ പങ്കുവെച്ചതിന് ഞാൻ മാപ്പ് പറയുകയാണ്’ -പുതിയ ട്വീറ്റിൽ പറയുന്നു.
തനിക്കെതിരെ കേസെടുത്തുവെന്ന വാർത്തകൾക്കെതിരെ ധ്രുവ് റാഠി രംഗത്തുവന്നു. ‘എന്തുകൊണ്ടാണ് നിങ്ങളുടെ പത്രത്തിന്റെ ഒന്നാം പേജിൽ എന്നെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ആരോപണവിധേയമായ ഈ പോസ്റ്റ് ഒരു പാരഡി അക്കൗണ്ടിൽനിന്നാണ് വന്നതെന്ന് കാണാൻ നിങ്ങളുടെ കണ്ണുകൾ ഉപയോഗിക്കൂ. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നും ചെയ്യാനില്ല’ -എന്നായിരുന്നു ധ്രുവ് റാഠി എക്സിൽ കുറിച്ചത്.