പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്
രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിശോറിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കു മുമ്പാകെ കിഷോർ അവതരിപ്പിച്ച പ്രസന്റേഷനു പിന്നാലെയാണ് കോൺഗ്രസിന്റെ ക്ഷണം. സോണിയാ ഗാന്ധിയുടെ വീട്ടിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
'പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കും. അദ്ദേഹത്തെ കൺസൽട്ടന്റ് ആയിട്ടല്ല, നേതാവായി പ്രവർത്തിക്കാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ മാറ്റങ്ങളെ കുറിച്ചുള്ള വിശദ രൂപ രേഖ അദ്ദേഹം സമർപ്പിച്ചു'- കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.
കിഷോർ പ്രസന്റേഷൻ അവതരിപ്പിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ സ്ഥിരീകരിച്ചു. ചെറിയ സംഘത്തിന് മുമ്പിലായിരുന്നു അവതരണമെന്നും സംഘത്തെ ആരു നയിക്കണമെന്ന് കോൺഗ്രസ് പ്രസിഡണ്ട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
370 ലോക്‌സഭാ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നാനാണ് കിഷോർ നൽകിയ നിർദേശം. ബാക്കിയുള്ള സീറ്റുകളിൽ സഖ്യം ചേർന്ന് മത്സരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പുകൾക്ക് പ്രശാന്ത് കിഷോർ തന്ത്രങ്ങളൊരുക്കുമെന്ന് സൂചനയുണ്ട്.
നേരത്തെ, കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി ചർച്ചകൾ രാഹുലും പ്രശാന്ത് കിഷോറും തമ്മില്‍ നടത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇവ വഴി മുട്ടി. അതിനിടെ, ബംഗാൾ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി കിഷോർ പ്രചാരണച്ചുമതല വഹിച്ചു. ഇതിനു പിന്നാലെ രാഹുലും കിഷോറും തമ്മിലുള്ള ബന്ധം മോശമാകുകയായിരുന്നു.
കഴിഞ്ഞ വർഷം കിഷോർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇത് നടന്നില്ലെന്ന് ഈയിടെ പ്രിയങ്കാ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിനെ നയിക്കാൻ ഒരു വ്യക്തിക്കും ദൈവികമായ അവകാശമില്ലെന്ന് ഈയിടെ കിഷോർ പറഞ്ഞിരുന്നു. രാഹുലിനെതിരെയായിരുന്നു വിമർശം. പത്തു വർഷത്തിനിടെ 90 ശതമാനം തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.