പഞ്ചാബില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോര്‍

കിഷോറിന്‍റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് പാര്‍ട്ടി എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി സൂചന നല്‍കി

Update: 2021-11-04 03:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയും. കിഷോറിന്‍റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് പാര്‍ട്ടി എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി സൂചന നല്‍കി.

2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കിഷോറിന്‍റെ സഹായം തേടാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രചാരണ ദൗത്യത്തിന് കിഷോറിനെ നിയോഗിക്കാന്‍ കോണ്‍ഗ്രസിന്‍റെ പഞ്ചാബ് ചുമതലയുള്ള ഹരീഷ് ചൗധരി നിര്‍ദേശിച്ചതായും ചന്നി അറിയിച്ചു. കഴിഞ്ഞ ആഗസ്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ ഉപദേശക സ്ഥാനത്തു നിന്നും പ്രശാന്ത് കിഷോര്‍ രാജിവച്ചിരുന്നു. പൊതുജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുക്കുകയാണെന്നാണ് അന്ന് കിഷോര്‍ പറഞ്ഞത്. ഇതിനിടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചാബില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂൽ കോൺഗ്രസിനും വേണ്ടി പ്രശാന്തിന്‍റെ ബുദ്ധി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ കോൺഗ്രസിനു വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് പ്രശാന്ത് കിഷോര്‍. പശ്ചിമബംഗാളിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന പദവി ഉപേക്ഷിക്കുകയാണെന്ന് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. കിഷോര്‍ വീണ്ടും പൊതുരംഗത്ത് സജീവമാകുമെന്ന സൂചനയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News