സ്കൂളില്‍ പോയിട്ടില്ല, ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ല; തേജസ്വി യാദവിനെതിരെ പ്രശാന്ത് കിഷോര്‍

ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ പരാമർശം വലിയ വിവാദത്തിന് കാരണമായിരുന്നു

Update: 2023-11-09 06:42 GMT
Editor : Jaisy Thomas | By : Web Desk

പ്രശാന്ത് കിഷോര്‍

Advertising

ഡല്‍ഹി: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിവാദ പരാമർശങ്ങളെ അനുകൂലിച്ച ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.തേജസ്വി സ്‌കൂളിൽ പോകാത്തതിനാൽ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് അറിവില്ലെന്നും ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ലെന്നും ആളുകൾക്ക് അറിയാമെന്ന് കിഷോര്‍ പറഞ്ഞു.

ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ പരാമർശം വലിയ വിവാദത്തിന് കാരണമായിരുന്നു. നിതീഷ് കുമാറിന്‍റെ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട് തേജസ്വി യാദവ്, പറയുന്ന കാര്യങ്ങളെ ശരിയായ വീക്ഷണകോണിൽ നിന്ന് കാണണമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിഷോറിന്റെ പ്രതികരണം. പരാമർശം വിവാദമായതിന് പിന്നാലെ നിതീഷ് കുമാർ ക്ഷമാപണം നടത്തിയിരുന്നു.

താൻ ഏത് സ്‌കൂളിലാണ് പഠിച്ചതെന്നും എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യാസം നേടിയതെന്നും യാദവ് പരസ്യമായി വെളിപ്പെടുത്തണമെന്നും കിഷോർ പറഞ്ഞു. “ അദ്ദേഹം ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ല, അതിനാൽ, ഏത് സ്കൂളിലാണ് പഠിച്ചതെന്നും എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യാസം നേടിയതെന്നും വെളിപ്പെടുത്തണം. നിതീഷ് കുമാറിന്റെ പരാമർശത്തെക്കുറിച്ചുള്ള തേജസ്വി യാദവിന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നത്," കിഷോർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി നിയമസഭയിൽ സംസാരിച്ചത് പോലെ അശ്ലീലമായ ഭാഷയിൽ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നില്ലെന്നും കിഷോർ കൂട്ടിച്ചേർത്തു. "തേജസ്വി യാദവ് വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങൾക്ക് ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കണം. അപ്പോൾ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം," അദ്ദേഹം പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാസമ്പന്നയായ സ്ത്രീക്ക് ലൈംഗിക ബന്ധത്തിൽ ഭർത്താവിനെ നിയന്ത്രിക്കാനാകുമെന്നായിരുന്നു നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ വിവാദ പ്രസ്താവന. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News