'പറ്റില്ലെങ്കില്‍ പിന്മാറണം, പാര്‍ട്ടിക്ക് നേട്ടമില്ലാതെ നയിക്കുന്നതെന്തിന്': രാഹുല്‍ ഗാന്ധിയോട് പ്രശാന്ത് കിഷോര്‍

സഹായത്തിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുന്നില്ലെങ്കില്‍ ആര്‍ക്കും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയില്ല.

Update: 2024-04-07 13:30 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ പിന്മാറുന്ന കാര്യത്തെകുറിച്ച് രാഹുല്‍ ഗാന്ധി ആലോചിക്കണമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ ശരിയായി നയിക്കാൻ കഴിയാഞ്ഞിട്ടും, അതിൽ നിന്ന് മാറി നിൽക്കാനോ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇത് ജനാധിപത്യപരമല്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

'ഒരു ഉപകാരവും നേട്ടവുമില്ലാത്തകാര്യം കഴിഞ്ഞ 10 വര്‍ഷമായി ചെയ്യുകയാണെങ്കില്‍ അതില്‍ നിന്ന് പിന്മാറണം. അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും മറ്റാരെയെങ്കിലും അതിന് അനുവദിക്കണം. നിങ്ങളുടെ അമ്മ സോണിയാ ഗാന്ധി അത് ചെയ്തിട്ടുണ്ട്.' പ്രശാന്ത് കിഷോര്‍ പറഞ്ഞു.

'തനിക്ക് എല്ലാം അറിയാമെന്നാണ് രാഹുല്‍ ഗാന്ധിക്ക്. സഹായത്തിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുന്നില്ലെങ്കില്‍ ആര്‍ക്കും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പിലാക്കാന്‍ കഴിയുന്ന ഒരാളെയാണ് തനിക്കാവശ്യമെന്നാണ് രാഹുല്‍ വിശ്വസിക്കുന്നത്. അത് സാധ്യമല്ല' പ്രശാന്ത് പറഞ്ഞു.

2019 ലെ ലോക്‌സഭാ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവക്കാന്‍ തീരുമാനിച്ച രാഹുല്‍ തനിക്ക് പകരം മാറ്റാരെയെങ്കിലും ഈ പണി ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പറഞ്ഞതിന് വിപരീതമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാനാവുന്നില്ലെന്ന് സ്വകാര്യമായി സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News