പ്രശാന്ത് കിഷോറിനെ തിരിച്ചുകൊണ്ടുവരാന്‍ ചര്‍ച്ചകള്‍ സജീവം; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ഇന്ന്
ഈ വർഷം അവസാനം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് തിരക്കിട്ട ചർച്ചകൾ നടത്തുന്നത്
ഡല്‍ഹി: പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസിൽ ചർച്ചകൾ സജീവം. എതിർപ്പുള്ള നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ചകൾ തുടരുന്നു. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ ഇന്ന് ചർച്ച നടത്തും.
ഈ വർഷം അവസാനം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് തിരക്കിട്ട ചർച്ചകൾ നടത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച ചില ഫോർമുലകളിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി തുടരുകയാണ്. പാർട്ടിയെ അടിമുടി നവീകരിക്കുമ്പോൾ മുതിർന്ന നേതാക്കളിൽ പലർക്കും സ്ഥാനങ്ങൾ നഷ്ടമാകും. എന്നാൽ പ്രശാന്ത് കിഷോർ ഇല്ലാതെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസിന് കഴിയുകയുമില്ല. തർക്കങ്ങൾ ഇല്ലാതെ നേതാക്കളെ എല്ലാം ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് എ.ഐ.സി.സി നേതൃത്വം ശ്രമിക്കുന്നത്.
പ്രശാന്ത് കിഷോറിന്‍റെ പാർട്ടി പ്രവേശനം സംബന്ധിച്ച് മാരത്തൺ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിലായി ജൻപതിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ച് നടക്കുന്നുണ്ട്. ഗുജറാത്തിൽ പ്രചരണം ആരംഭിക്കേണ്ട ഘട്ടമാണ് ഇത്. ഈ സാഹചര്യം മുൻ നിർത്തി സോണിയാ ഗാന്ധിയെ പ്രശാന്ത് കിഷോർ ഇന്ന് കണ്ടേക്കും. പാർട്ടി പ്രവേശത്തിന് താൻ മുന്നോട്ട് വെച്ച പദ്ധതി രൂപരേഖ അംഗീകരിക്കണം എന്ന ആവശ്യമാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വച്ചിട്ടുള്ളത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ വിശദമായ പദ്ധതി രൂപരേഖയാണ് പ്രശാന്ത് കിഷോർ തയ്യാറാക്കിയിട്ടുള്ളത്.