സര്‍വകക്ഷി യോഗം പൂര്‍ത്തിയായി; ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
യോഗത്തില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം പൂര്‍ത്തിയായി. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും അദ്ദേഹം നല്‍കിയില്ല. ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു.
യോഗത്തില്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എത്രയും വേഗം സംസ്ഥാനപദവി പുനഃസ്ഥാപിക്കണം, തെരഞ്ഞെടുപ്പ് നടത്തണം, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം നടപ്പാക്കണം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
ജമ്മു കശ്മീരിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് സി.പി.എം പ്രതിനിധിയും ഗുപ്കര്‍ സഖ്യത്തിന്റെ വക്താവുമായ യൂസഫ് തരിഗാമി പറഞ്ഞു. അസാധാരണ നടപടികള്‍ക്ക് മുമ്പ് കൂടിയാലോചന വേണമായിരുന്നു എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. ഒന്നിനെപ്പറ്റിയും പ്രധാനമന്ത്രി ഒരു ഉറപ്പും നല്‍കിയില്ലെന്നും തരിഗാമി പറഞ്ഞു.