'വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതം ചൊല്ലിച്ചു'; സ്കൂള്‍ പ്രിൻസിപ്പലിന് ഹിന്ദുത്വ സംഘത്തിന്റെ ക്രൂരമർദനം

ബൈബിളിലെ പ്രാർത്ഥനയാണ് കുട്ടികളെക്കൊണ്ട് ചൊല്ലിക്കുന്നതെന്നും ഹിന്ദു ആഘോഷത്തിന് അവധി നൽകിയില്ലെന്നും പ്രിൻസിപ്പലിനെതിരെ പരാതിയുണ്ട്

Update: 2023-07-06 13:51 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘം. പൂനെയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ബജ്രങ്ദൾ സംഘമാണ് അധ്യാപകനെ വളഞ്ഞിട്ടു തല്ലിയത്.

പൂനെയിലെ തലേഗാവ് ധബാഡെയിലുള്ള ഡി.വൈ പാട്ടീൽ ഹൈസ്‌കൂൾ പ്രിൻസിപ്പൽ അലെക്‌സാണ്ടർ കോട്ട്‌സ് റീഡ് ആണ് ആക്രമണത്തിനിരയായത്. നൂറോളം പേർ വരുന്ന സംഖം സ്‌കൂളിലേക്ക് ഇരച്ചെത്തുകയായിരുന്നു. 'ഹർ ഹർ മഹാദേവ്' മുഴക്കി പ്രിൻസിപ്പലിനു പിന്നാലെ കൂടിയ ഇവർ സ്‌കൂളിന്റെ ബാത്‌റൂമിന്റെ ഭാഗത്തുവച്ച് അദ്ദേഹത്തെ കൈയേറ്റം ചെയ്തു. വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയെങ്കിലും ഇതുവരെ അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഹിന്ദുത്വസംഘവും ഏതാനും രക്ഷിതാക്കളുമാണ് അലെക്‌സാണ്ടർ റീഡിനെ ആക്രമിച്ചതെന്ന് തലേഗാവ് എസ്.ഐ രഞ്ജിത്ത് സാവന്ത് പറഞ്ഞു. എല്ലാ ദിവസവും കുട്ടികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ, 'ദൈവമേ' എന്നു തുടങ്ങുന്ന സാധാരണ പ്രാർത്ഥനയാണിതെന്ന് എസ്.ഐ പറഞ്ഞു.

ബൈബിളിൽനിന്നുള്ളതാണ് പ്രാർത്ഥനയെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും ഇതിന്റെ തെളിവ് കണ്ടെത്താനായിട്ടില്ല. മതപരിവർത്തനം സൂചിപ്പിക്കുന്ന ഒന്നും പ്രാർത്ഥനയിലില്ലെന്നും രഞ്ജിത്ത് സാവന്ത് വ്യക്തമാക്കി. ഹിന്ദു ആഘോഷത്തിന് വിദ്യാർത്ഥികൾക്ക് അവധി നൽകിയില്ലെന്നും പ്രിൻസിപ്പലിനെതിരെ പരാതിയുണ്ട്.

ആക്രമണത്തിൽ സ്‌കൂൾ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രിൻസിപ്പലിനെ ആക്രമിച്ചവർക്കെതിരെ കരുതൽനടപടികൾ സ്വീകരിക്കും. അധ്യാപകനെതിരെ രക്ഷിതാക്കൾ നൽകിയ പരാതി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Summary: Pune school principal attacked by Hindu activists for allegedly 'making students recite Christian prayers'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News