പഞ്ചാബില്‍ അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത
ഹൈക്കമാന്‍ഡ് അമരിന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് വിവരം
പഞ്ചാബ് കോൺഗ്രസിലെ തർക്കത്തെ തുടർന്ന് അമരിന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുമെന്ന് സൂചന. ഹൈക്കമാന്‍ഡ് അമരിന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനിടെ രണ്ടു മണിക്ക് അമരിന്ദര്‍ സിങ് എംഎൽഎമാരുടെ യോഗം വിളിച്ചു.
മാസങ്ങളായി തുടരുന്ന പഞ്ചാബ് കോൺഗ്രസിലെ തർക്കത്തിന്, ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടൽ നടത്തിയിട്ടും പരിഹാരമുണ്ടായിരുന്നില്ല. അമരിന്ദര്‍-സിദ്ധു പോരിനിടയിൽ നേതൃമാറ്റമെന്ന ഫോർമുലയിലേക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോൾ നീങ്ങുന്നത്. തർക്കങ്ങളും നാണക്കേടും സഹിച്ച് മുഖ്യമന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന് അമരീന്ദർ സിങ് സോണിയ ഗാന്ധിയെ അറിയിച്ചുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ആകെയുള്ള 80 കോൺഗ്രസ് എംഎൽഎമാരിൽ 40 പേർ സിദ്ധുവിനൊപ്പമാണ്. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെ നേതൃമാറ്റം കൊണ്ടുവന്നു പ്രശ്നപരിഹാരത്തിനാണ് ഹൈക്കമാന്‍ഡ് ശ്രമം. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് ചണ്ഡിഗഢിൽ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ഹൈക്കമാന്‍ഡ് നിരീക്ഷകരായി ഹരീഷ് റാവത്തും അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കും. അമരിന്ദറിനെ മാറ്റിയാൽ മുഖ്യമന്ത്രി പദത്തിലേക്ക് ആര് എത്തുമെന്ന ചോദ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്. പിസിസി അധ്യക്ഷനായ നവജ്യോത് സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.