സുരക്ഷ പിൻവലിച്ചു; ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചു
വെടിവെയ്പ്പിൽ സിദ്ധു ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു
പഞ്ചാബ്: കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസേവാല അഞ്ജാതരുടെ വെടിയേറ്റ് മരിച്ചു. മാൻസ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സിദ്ധു മൂസേവാലക്കുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു. പിറ്റേദിവസമായിരുന്നു വെടിയേറ്റ് മരിച്ചത്. വെടിവെയ്പ്പിൽ സിദ്ധു ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
വെടിയേറ്റ മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധു മൂസ്‌വാല മരിച്ചിരുന്നു. പരിക്കേറ്റ ബാക്കി രണ്ടുപേരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്ന് മാൻസ ആശുപത്രിയിലെ സിവിൽ സർജനായ ഡോ.രഞ്ജീത് റായ് എ.എൻ.ഐയോട് പറഞ്ഞു.
മാൻസയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ സിദ്ധു മൂസേവാല നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റിരുന്നു.ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് 63,323 വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്.
കഴിഞ്ഞ മാസം സിദ്ദു ആം ആദ്മി പാർട്ടിയെയും അതിന്റെ അനുഭാവികളെയും തന്റെ 'സ്കേപ് ഗോട്ട്' എന്ന ഗാനത്തിലൂടെ ആക്ഷേപിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എഎപി അനുഭാവികളെ 'ഗദ്ദർ' (രാജ്യദ്രോഹി) എന്ന് വിളിച്ചതാണ് വിവാദമായത്.