രാവിലെ ബി.ജെ.പിയില്‍, വൈകിട്ട് അമരീന്ദര്‍ സിങിനൊപ്പം ഫോട്ടോ; വിവാദങ്ങളില്‍ വിശദീകരണവുമായി പഞ്ചാബി ഗായകന്‍ ബൂട്ട മുഹമ്മദ്

ലുധിയാനയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്‍റെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു മുഹമ്മദിന്‍റെ പാര്‍ട്ടി പ്രവേശനം

Update: 2021-12-15 05:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രശസ്ത പഞ്ചാബി നാടോടി ഗായകന്‍ ബൂട്ട മുഹമ്മദ് ബി.ജെ.പിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ ലുധിയാനയിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്‍റെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു മുഹമ്മദിന്‍റെ പാര്‍ട്ടി പ്രവേശനം.

എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ബൂട്ട മുഹമ്മദിനെ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിനൊപ്പം ചണ്ഡീഗഡിൽ കണ്ടത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. ഈയിടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. നിരവധി പേര്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിങിൽ നിന്ന് ബൂട്ട മുഹമ്മദ് പാർട്ടി മഫ്‌ളർ സ്വീകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമരീന്ദർ സിങിനൊപ്പമുള്ള മുഹമ്മദിന്‍റെ ചിത്രങ്ങൾ പഞ്ചാബ് ലോക് കോൺഗ്രസും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സുഹൃത്തും ഗായകനുമായ സർദാർ അലിക്കൊപ്പമാണ് അമരീന്ദറിന്‍റെ പരിപാടിയില്‍ പങ്കെടുത്തതെന്നും പഞ്ചാബ് ലോക് കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും മുഹമ്മദ് പിന്നീട് വ്യക്തമാക്കി.



''ഞങ്ങൾ എല്ലാവരും ഗായകരാണ്, ഞങ്ങൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒരു ധാരണയുമില്ല. ഞങ്ങളുടെ സുഹൃത്ത് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയാണെങ്കിൽ, ഞങ്ങൾ അവനെ അനുഗമിക്കേണ്ടതില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു.എന്നാൽ, ഞാൻ ബി.ജെ.പിയിൽ ചേർന്നതായി ക്യാപ്റ്റൻ അമരീന്ദർ സിങിനോട് പറഞ്ഞു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എനിക്ക് ബി.ജെ.പി അംഗത്വം നൽകിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്‍റെ അശ്രദ്ധ മൂലമാണ് സുഹൃത്തിനെ ഞാന്‍ അനുഗമിച്ചത്'' ബൂട്ട മുഹമ്മദ് പറഞ്ഞു. പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ അശ്വിനി ശർമ്മയും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ബഗ്ഗയും ബൂട്ട മുഹമ്മദ് ചൊവ്വാഴ്ച ബി.ജെ.പിയിൽ ചേർന്നതായി അറിയിച്ചു. ബൂട്ട മുഹമ്മദ് ബി.ജെ.പിയിൽ ചേരുന്ന സമയത്ത് സുഹൃത്ത് സർദാർ അലി ഖാനും കൂടെയുണ്ടായിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കി.

പഞ്ചാബിലെ സൂഫി ഗായകരുടെ കുടുംബത്തിൽ പെട്ടയാളാണ് ബൂട്ട മുഹമ്മദ്. അദ്ദേഹത്തിന്‍റെ പിതാവ് പരേതനായ സർദാർ മുഹമ്മദ് അറിയപ്പെടുന്ന ഗായകനും സംഗീതജ്ഞനുമായിരുന്നു. പിതാവില്‍ നിന്നും അമ്മാവനില്‍ നിന്നുമാണ് മുഹമ്മദ് സംഗീതം പഠിച്ചത്. അദ്ദേഹത്തിന്‍റെ സഹോദരനും ഗായകനാണ്. ദില്ലഗി, ജൻജ്രാൻ, ഗബ്രു ദേ മോഡ്യ, ഹായ് മേരി ജാൻ, മാ ദിയാൻ ദുവാൻ എന്നിവയാണ് മുഹമ്മദിന്‍റെ ഹിറ്റായ പാട്ടുകള്‍. 1996ലാണ് അദ്ദേഹത്തിന്‍റെ ആദ്യഗാനം പുറത്തുവന്നത്.

ബൂട്ട മുഹമ്മദിനെ കൂടാതെ മറ്റ് പ്രമുഖരും പഞ്ചാബിൽ ചൊവ്വാഴ്ച ബി.ജെ.പിയിൽ ചേർന്നിരുന്നു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ എസ് ആർ ലാധർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അശോക് ബാത്ത്, ശിരോമണി അകാലിദൾ മുൻ എം.എൽ.എ മോഹൻ ലാൽ ബംഗ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News