റഫ കൂട്ടക്കുരുതിക്കെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം; പൊലീസ് അനുമതി നിഷേധിച്ചെങ്കിലും പരിപാടി നടത്തുമെന്ന് സംഘാടകർ
ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്
Update: 2024-06-01 00:53 GMT
ഡൽഹി: റഫയിലെ കൂട്ടക്കൂരുതിക്കെതിരെ ഇന്ന് ഡൽഹിയിൽ പ്രതിഷേധം. രാവിലെ 10:30 ന് ജന്തർമന്തറിലാണ് പ്രതിഷേധം. ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ പരിപാടിയുമായി മുന്നോട്ടു പോകാനാണ് സംഘാടകരുടെ തീരുമാനം.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും.
ഇന്നലെ രാവിലെയാണ് അനുമതി നിഷേധിച്ച വിവരം പൊലീസ് സംഘടനകളെ അറിയിച്ചത്. വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
റഫയിലെ ടെന്റുകളിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കുട്ടികളും സ്ത്രീകളുമടക്കം 45 പേരാണ് മരിച്ചത്. ഇസ്രായേലിന്റെ കൊലവിളിക്കെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.