അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു
പറ്റ്ന കോടതിയില്‍ ഹാജരാകാനുള്ള സമന്‍സിനെതിരെയാണ് കോടതിയെ സമീപിച്ചത്.
പറ്റ്ന: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി എം.പി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു. പറ്റ്ന കോടതിയില്‍ ഹാജരാകാനുള്ള സമന്‍സിനെതിരെയാണ് കോടതിയെ സമീപിച്ചത്. രാഹുലിന്‍റെ ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. മോദി പരാമർശത്തിലെ സൂറത്ത് സി.ജെ.എം കോടതി വിധിക്ക് എതിരെ രാഹുല്‍ തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.
അതേസമയം രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലെയിനിൽ ട്രക്കുകളെത്തി സാധനങ്ങൾ മാറ്റി. വൈകുന്നേരത്തോടെ രാഹുൽ വസതി ഒഴിയും. അതിന് മുന്നോടിയായി പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. അമ്മ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക.
ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു. രാഹുലിന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ എത്തുമെന്ന സൂചനയെ തുടർന്ന് തുഗ്ലക് ലെയിനിൽ സുരക്ഷ ശക്തമാക്കി.