മോദിക്ക് വേണ്ടി ജയ് വിളിച്ച് ആൾക്കൂട്ടം; ഫ്‌ളൈയിങ് കിസ് നൽകി രാഹുൽഗാന്ധി; വൈറലായി വീഡിയോ

മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെ കടന്നുപോകുമ്പോളാണ് 'മോദി,മോദി' എന്ന് ജനം ആര്‍പ്പു വിളിച്ചത്

Update: 2022-12-06 05:16 GMT
Editor : Lissy P | By : Web Desk
Advertising

രാജസ്ഥാൻ: രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ മധ്യപ്രദേശിലൂടെ കടന്നുപോകുമ്പോൾ ബി.ജെ.പി പ്രവർത്തകർക്ക് ഫ്‌ളൈയിങ് കിസ് കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിലൂടെ യാത്ര കടന്നുപോകുമ്പോൾ 'മോദി,മോദി' എന്ന് അവിടെ കൂടി നിന്ന ആളുകൾ ആർപ്പുവിളിക്കുകയായിരുന്നു. ഇവർക്ക് നേരെയാണ് രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസുകൾ നൽകിയത്. ഇതിന് പുറമെ മോദിക്ക് വേണ്ടി ജയ് വിളിച്ചവർക്ക് രാഹുൽ ഗാന്ധി കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്. രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാക്കളും മുദ്രാവാക്യം വിളിച്ചവരെ ചൂണ്ടി യാത്രയിൽ ചേരാൻ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.  ഝലവാറിലെ ഝൽരാപട്ടനിലെ കാളി തലായിയിൽ നിന്നാണ് രാജസ്ഥാനിലെ യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി ഗോവിന്ദ് സിങ് ദോതസ്ര, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, നിരവധി മന്ത്രിമാർ, എംഎൽഎമാർ എന്നിവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ 'കശ്മീർ മുതൽ കന്യാകുമാരി' വരെ നീളുന്ന ഭാരത് ജോഡോ സെപ്റ്റംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്.

കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ നിരവധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയും മധ്യപ്രദേശും കടന്നാണ് യാത്ര രാജസ്ഥാനിൽ പര്യടനം ആരംഭിച്ചത്.മധ്യപ്രദേശിലൂടെയുള്ള 12 ദിവസത്തെ യാത്ര പൂർത്തിയാക്കിയാണ് യാത്ര രാജസ്ഥാനിൽ എത്തിയത്.   രാജസ്ഥാനിൽ യാത്ര വൻ വിജയമാകുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. 21 വരെ രാജസ്ഥാനിൽ തുടരുന്ന യാത്ര 24 ന് ഡൽഹിയിൽ എത്തും.  മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കത്തിനിടയിലാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News