തമിഴ്‌നാട് മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് പരിശോധന
എ.ഡി.എം.കെ നേതാവ് എസ്.പി വേലുമണിയുടെ വീട് ഉൾപ്പെടെ 58 സ്ഥലങ്ങളിലാണ് റെയ്ഡ്
എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനമുണ്ടോയെന്ന് കണ്ടെത്താന്‍ തമിഴ്നാട് വിജിലൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്. എസ്.പി വേലുമണിയുടെ വീടുള്‍പ്പെടെ 58 സ്ഥലങ്ങളിലാണ് പരിശോധന.
പൊതുപ്രവര്‍ത്തകനായിരിക്കെ എസ്.പി വേലുമണി തന്‍റെയും ബന്ധുക്കളുടെയും പേരില്‍ അനധികൃത ധനസമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് എസ്.പി വേലുമണിക്കും മറ്റ് 12 പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 ഒക്ടോബറില്‍ വേലുമണിയുടെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഭരണകക്ഷിയായ ഡി.എം.കെയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ് അന്ന് എ.ഐ.എ.ഡി.എം.കെ ഇതിനെ വിശേഷിപ്പിച്ചത്.