അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ; എം.എന്‍.എസ് എന്‍.ഡി.എ സഖ്യത്തില്‍ ചേരുമെന്ന് സൂചന

മഹാരാഷ്ട്രയില്‍ ബി.ജെ.പി- ഷിന്‍ഡേ വിഭാഗം ശിവസേന സഖ്യവുമായി എം.എന്‍.എസ് ചേരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച

Update: 2024-03-19 11:58 GMT
Advertising

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് തക്കറെ. മകന്‍ അമിത് താക്കറെക്കൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ ബി.ജെ.പി- ഷിന്‍ഡേ വിഭാഗം ശിവസേന സഖ്യവുമായി എം.എന്‍.എസ് ചേരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

ദക്ഷിണ മുംബൈ, ഷിര്‍ദി, എന്നീ രണ്ട് സീറ്റുകള്‍ താക്കറെ എം.എന്‍.എസിന് വേണ്ടി ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ പറയുന്നു. അതേസമയം തലസ്ഥാനത്ത് താക്കറെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മഹാരാഷ്ട്രയിലും യോഗങ്ങള്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ താനെയിലെ വസതിയില്‍ പാര്‍ട്ടി എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, എന്‍.സി.പിയുടെ അജിത് പവാര്‍ എന്നിവര്‍ മുംബൈയിലെ സാഗര്‍ ബംഗ്ലാവില്‍ കൂടിക്കാഴ്ച നടത്തി.

രാജ് താക്കറെ മഹായുതിയില്‍ ചേരുന്നത് ഹിന്ദുത്വ അജണ്ടയെ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് നിതേഷ് റാണെ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനെ ശിവസേനയും ബി.ജെ.പിയും ഒന്നിച്ചാണ് നേരിട്ടത്. 48 സീറ്റുകളില്‍ 41 സീറ്റുകള്‍ സഖ്യത്തിന് നേടാനായി. മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം വന്‍വിജയം നേടി. എന്നാല്‍ അധികാര തര്‍ക്കത്തില്‍ ശിവസേന എന്‍.ഡി.എ വിടുകയായിരുന്നു.

ശിവസേനയുടെ ഒരു വിഭാഗത്തെ നയിക്കുന്നത് ഉദ്ധവ് താക്കറെയാണ്. എന്നാല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാര്‍ത്ഥ ശിവസേനയെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രഹുല്‍ നര്‍വേക്കര്‍ ജനുവരിയില്‍ വിധിച്ചു.

2022 ല്‍ ഷിന്‍ഡയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തെ തുടര്‍ന്ന് ശിവസേന രണ്ട് വിഭാഗങ്ങളായി. തുടര്‍ന്ന് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. നിലവില്‍ ബി.ജെ.പി, എന്‍.സി.പി, ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള സേന എന്നിവ ഉള്‍പ്പെടുന്നതാണ് മഹാരാഷ്ട്രയിലെ ഭരണ സഖ്യം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News