ബി ടെക്ക് കഴിഞ്ഞിട്ടും ജോലിയായില്ലേ? പരിഹാരം രാജസ്ഥാനിലുണ്ട്; വൻ പദ്ധതികളുമായി സർക്കാർ
ബിഇ/ബിടെക്, ബിസിഎ, എംസിഎ, എംബിഎ, എംഎസ്‌സി (ഐടി) തുടങ്ങിയ പ്രൊഫഷണൽ ബിരുദധാരികൾക്ക് ടെക്ക് സ്‌കൂളിന്റെ പ്രയോജനം ലഭിക്കും.
ജയ്പൂർ: മികച്ച ഒരു ജോലിയാണ് ബി ടെക്കുകാർ പൊതുവേ നേരിടുന്ന പ്രശ്നം. എത്ര ശ്രമിച്ചിട്ടും ചെറിയ ഒരു ജോലി പോലും നേടാൻ കഴിയാതെ പോകുന്ന ഉദ്യോഗാർത്ഥികളാണ് കൂടുതലും. ഈ പ്രശ്നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് രാജസ്ഥാൻ ഗവൺമെന്റ്. ടെക്ക് ബിരുദദാരികളെ കൂടുതൽ തൊഴിൽ യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു.
'രാജീവ് ഗാന്ധി സെന്റർ ഓഫ് അഡ്വാൻസ് ടെക്‌നോളജി' അഥവാ ആർ-ക്യാറ്റ് എന്ന ടെക്ക് സ്‌കൂൾ ആഗസ്ത് 20 ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച ആരംഭിക്കുന്ന ദ്വിദിന ഡിജിഫെസ്റ്റിനൊപ്പമാണ് ഉദ്‌ഘാടന ചടങ്ങുകൾ നടക്കുക. ബിഇ/ബിടെക്, ബിസിഎ, എംസിഎ, എംബിഎ, എംഎസ്‌സി (ഐടി) തുടങ്ങിയ പ്രൊഫഷണൽ ബിരുദധാരികൾക്ക് ടെക്ക് സ്‌കൂളിന്റെ പ്രയോജനം ലഭിക്കും.
ഒരാഴ്ച മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള പരിശീലന പരിപാടികളാണ് ടെക്ക് സ്‌കൂളിൽ നടക്കുക. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. രാജ്യത്തിനകത്തും പുറത്തും എളുപ്പത്തിൽ ജോലി നേടുന്നതിന് ഈ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനായി ഒരു പ്രത്യേക കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI-ML), ബ്ലോക്ക്‌ചെയിൻ, ഓഗ്‌മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി (AR/VR), ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളിലെ വൈദഗ്ദ്യമാണ് ടെക്ക് സ്‌കൂൾ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഒറാക്കിൾ, വിഎം വെയർ, എസ്എഎസ്, റെഡ്ഹാറ്റ്, സിസ്കോ, സിഎഡി, ഓട്ടോഫിന എന്നീ ആഗോള സാങ്കേതിക ഭീമന്മാരുമായി സഹകരിച്ചാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുക.