'രാഹുൽ ഗാന്ധി നടക്കുന്നത് രാജ്യത്തിന് വേണ്ടി'; ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്
'രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ചു കാണുന്നില്ല'
ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്. രാമജന്മ ഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ചു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി രാജ്യത്തിന് വേണ്ടിയാണ് നടക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ആശംസകൾ അറിയിച്ചുകൊണ്ട് സത്യേന്ദ്രദാസ് രാഹുലിന് കത്തെഴുതിയിരുന്നു.
രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിൻറെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു.'നിങ്ങളുടെ ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ദീർഘായുസ്സിനായി ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു'' രാഹുലിനെഴുതിയ കത്തിൽ അദ്ദേഹം കുറിച്ചു. 'നിങ്ങൾ ജനങ്ങളുടെ താൽപര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി 'സർവജൻ ഹിതയ് സർവജൻ സുഖായ്' (എല്ലാവരുടെയും ക്ഷേമം, സാർവത്രിക സന്തോഷം) എന്ന മഹത്തായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. ശ്രീരാമൻറെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നെന്നും കത്തിൽ പറയുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഡൽഹിയിൽ നിന്ന് കഴിഞ്ഞദിവസം യാത്ര പുനരാരംഭിച്ചു. 2020ൽ കലാപമുണ്ടായ വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ, മോജ് പൂർ, ഗോകുൽപുരി വഴി ഉത്തർപ്രദേശിലേക്ക് ഇന്നലെ യാത്ര പ്രവേശിച്ചു.