നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ; ഭാരത് ജോഡോ യാത്രയ്ക്ക് ആശംസകൾ നേർന്ന് രാമക്ഷേത്രം മുഖ്യ പുരോഹിതന്‍
രാഹുലിന് അയച്ച കത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു
അയോധ്യ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഡൽഹിയിൽ നിന്ന് യാത്ര പുനരാരംഭിച്ചു. 2020ൽ കലാപമുണ്ടായ വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ, മോജ് പൂർ, ഗോകുൽപുരി വഴി ഉത്തർപ്രദേശിലേക്ക് ഇന്ന് യാത്ര പ്രവേശിക്കും. ഇതിനിടെ രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അയോധ്യ രാമക്ഷേത്രം മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ആശംസകള്‍ അറിയിച്ചുകൊണ്ട് സത്യേന്ദ്രദാസ് രാഹുലിന് കത്തെഴുതി.
രാഹുലിന് അയച്ച കത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു."നിങ്ങളുടെ ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ദീർഘായുസ്സിനായി ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു'' അദ്ദേഹം കുറിച്ചു. "നിങ്ങൾ ജനങ്ങളുടെ താൽപര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി 'സർവജൻ ഹിതയ് സർവജൻ സുഖായ്' (എല്ലാവരുടെയും ക്ഷേമം, സാര്‍വത്രിക സന്തോഷം) എന്ന മഹത്തായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. ശ്രീരാമന്‍റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,"
പാർട്ടിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് ആചാര്യ സത്യേന്ദ്ര ദാസ് രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ യാത്രയില്‍ പങ്കുചേരാത്തതെന്ന് അദ്ദേഹം അറിയിച്ചതായും കോൺഗ്രസ് പാർട്ടിയുടെ അയോധ്യ ജില്ലാ വക്താവ് സുനിൽ കൃഷ്ണ ഗൗതം പറഞ്ഞു. ഭാരത് ജോഡോയുടെ ഭാഗമായില്ലെങ്കിലും യാത്രക്ക് എല്ലാ ധാര്‍മിക പിന്തുണയും സത്യേന്ദ്ര ദാസ് നല്‍കിയിട്ടുണ്ടെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് ഉച്ചയോടെ ഉത്തർ പ്രദേശിൽ പ്രവേശിക്കുന്ന യാത്ര വരും ദിവസങ്ങളിൽ ഹരിയാനയും പഞ്ചാബും പിന്നിട്ട് ജമ്മു കശ്മീരിൽ എത്തും. ഈ മാസം 30ന് ശ്രീനഗറിലാണ് ജോഡോ യാത്രയുടെ സമാപനം. ഡൽഹിയിൽ സുരക്ഷ വീഴ്ച ഉണ്ടായി എന്ന് കോൺഗ്രസ് ആരോപിച്ച പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് ചുറ്റും സുരക്ഷ വർധിപ്പിക്കാനാണ് പൊലീസ് തീരുമാനം. രാഹുൽ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാൻ പ്രത്യേക വലയം തീർക്കും. സുരക്ഷ വീഴ്ച സംബന്ധിച്ച് രണ്ട് തവണ പരാതി നൽകിയിട്ടും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.