ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ഖേദം പ്രകടിപ്പിച്ച് രമേശ് ബിധൂഡി

ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റിക്കു മുൻപാകെയുള്ള ഖേദപ്രകടനത്തോടെ വിഷയം ഒതുക്കിത്തീർക്കാനാണു നീക്കം നടക്കുന്നത്

Update: 2023-12-07 12:53 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി എം.പി രമേശ് ബിധൂഡി. ലോക്‌സഭാ പ്രിവിലേജസ് കമ്മിറ്റി യോഗത്തിലാണ് ബിധൂഡിയുടെ ഖേദപ്രകടനം.

ചന്ദ്രയാൻ-3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബി.ജെ.പി നേതാവ് ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും ബിധൂഡി മാപ്പുപറയാൻ തയാറായിരുന്നില്ല. എന്നാൽ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ തന്നെ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ബിധുഡിക്ക് കാരണംകാണിക്കൽ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ, ബിധുഡിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് ഡാനിഷ് അലി ഉൾപ്പെടെ നൽകിയ കത്തും പരിഗണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നയാളാണെന്ന പ്രചാരണവുമായി ഡാനിഷിനെ തിരിച്ചടിക്കാനാണ് ഇതിനു പിന്നാലെ ബി.ജെ.പിയുടെ ഭാഗത്തുനിന്നു നീക്കമുണ്ടായത്.

സഭയ്ക്കകത്തെ വംശീയാധിക്ഷേപത്തിൽ കഴിഞ്ഞ ദിവസം ബിധൂഡിയെയും ഡാനിഷ് അലിയെയും പ്രിവിലേജ് കമ്മിറ്റി വിളിച്ചുവരുത്തിയിരുന്നു. ഇരുവരെയും വ്യത്യസ്ത സമയങ്ങളിലാണു വിളിപ്പിച്ചത്. രമേശ് ബിധൂഡിയുടെ ഖേദപ്രകടനത്തിലൂടെ വിഷയം ഒതുക്കിത്തീർക്കാനാണു ശ്രമം എന്നാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകിയേക്കും.

Summary: BJP MP Ramesh Bidhuri regrets his racist remarks against BSP’s Danish Ali

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News