'ബീഫ് കഴിക്കുന്നയാൾക്ക് സനാതനിയാവാൻ കഴിയില്ല'; രൺബീർ കപൂറിന് സോഷ്യൽ മീഡിയയിൽ പരിഹാസം
രൺബീർ ശ്രീരാമന്റെ വേഷത്തിലെത്തുന്ന രാമായണം സിനിമ റിലീസിനൊരുങ്ങുകയാണ്. അതിന്റെ പ്രമോഷനാണ് താരത്തിന്റെ ശ്രമമെന്നാണ് വിമർശനം.
മുംബൈ: സനാതന ധർമത്തിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ബോളിവുഡ് താരം രൺബീർ കപൂറിന് സോഷ്യൽ മീഡിയയിൽ പരിഹാസം. താൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ സനാതന ധാരയിലേക്ക് ആഴത്തിൽ ഇറങ്ങിയിട്ടുണ്ടെന്നുമാണ് നിഖിൽ കാമത്തിന് നൽകിയ അഭിമുഖത്തിൽ രൺബീർ പറഞ്ഞത്.
'ഞാൻ സനാതന ധർമത്തിൽ വളരെയധികം വിശ്വസിക്കാൻ തുടങ്ങി. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അതിനെക്കുറിച്ച് ധാരാളം വായിക്കാൻ തുടങ്ങിട്ടുണ്ട്. അത് എന്താണെന്നും അതിന്റെ അനന്തരഫലങ്ങൾ എന്താണെന്നും ഞാൻ വളരെ ആഴത്തിൽ പോയി മനസ്സിലാക്കി''-രൺബീർ പറഞ്ഞു.
Ranbir Kapoor : I believe in Sanatan Dharma. pic.twitter.com/J78khmYy0O
— News Arena India (@NewsArenaIndia) July 28, 2024
അഭിമുഖത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രൺബീറിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ നിറഞ്ഞത്. താൻ ബീഫ് കഴിക്കാറുണ്ടെന്ന് രൺബീർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. റിലീസാകാൻ പോകുന്ന രാമായണം സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ഇവർ ആരോപിക്കുന്നു.
സ്വയം പ്രഖ്യാപിത ബീഫ് തീറ്റക്കാരൻ സനാതന ധർമത്തെക്കുറിച്ച് സംസാരിക്കുന്നത് അപമാനകരമാണ്. അദ്ദേഹം പെട്ടെന്ന് പുസ്തകം വായിക്കാനും മന്ത്രങ്ങൾ ചൊല്ലാനും യോഗ ചെയ്യാനും തുടങ്ങി...അദ്ദേഹം ഹിന്ദുവായിരിക്കുന്നു. ഈ കെണിയിൽ ആരും വീഴരുത് എന്നാണ് എക്‌സിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്.
ഹിന്ദുക്കളുടെ പണം തട്ടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമാണ് രൺബീറിന്റെ പുതിയ ഇന്റർവ്യൂ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന് രാമായണം സിനിമയിൽ രാമന്റെ വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്. സായ് പല്ലവിയാണ് സീത, യാഷ് ആണ് രാവണന്റെ വേഷം ചെയ്യുന്നത്.