എല്‍ജെപി എംപി പ്രിന്‍സ് രാജിനെതിരെ ഡല്‍ഹി പൊലീസ് ബലാത്സംഗ കേസെടുത്തു
എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ അടുത്ത ബന്ധുവാണ് പ്രിൻസ് രാജ്.
ലോക് ജനശക്തി പാർട്ടി (എൽജെപി) എംപി പ്രിൻസ് രാജിനെതിരെ ബലാത്സംഗ കേസ്. എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ അടുത്ത ബന്ധുവാണ് പ്രിൻസ് രാജ്. ഡൽഹി പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയും എൽജെപി പ്രവർത്തകയാണ്.
മൂന്ന് മാസം മുമ്പാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. തന്നെ ബലാത്സംഗം ചെയ്തശേഷം പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് മാസം തന്നെ പെൺകുട്ടി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ല. അതിനെ തുടർന്ന് പെൺകുട്ടി ജൂലൈയിൽ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്ത്.
അതേസമയം പ്രിൻസ് രാജ് ഡൽഹി ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തനിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളും പ്രിൻസ് രാജ് നിഷേധിച്ചു. തന്നെ അപമാനിക്കാൻ കെട്ടിചമച്ച കേസാണിതെന്നാണ് പ്രിൻസ് രാജിന്റെ വാദം. ഇതിന് പിന്നിൽ വലിയ ക്രിമിനൽ ഗൂഢോലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമം ഇത്തരത്തിൽ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരേ ഇതിന് മുമ്പും ഇതേ യുവതി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ പ്രശ്‌നങ്ങളെ തുടർന്ന് ചിരാഗ് പസ്വാനും പ്രിൻസ് രാജും തമ്മിൽ നിലവിൽ അകൽച്ചയിലാണ്.