19 കിലോ കഞ്ചാവ് മുഴുവനും എലി തിന്നു; കോടതിയില്‍ വിചിത്ര വാദവുമായി പൊലീസ്
ആറ് വർഷം മുമ്പാണ് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും പിടിച്ചെടുത്തത്
ധൻബാദ്: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 19 കിലോ കഞ്ചാവ് മുഴുവൻ എലി തിന്നു തീർത്തെന്ന് വിശദീകരണം. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമാണ് കാണാതായത്. ജില്ലാ കോടതിയിലാണ് പൊലീസ് എലികളെ 'പ്രതികളാക്കി' റിപ്പോർട്ട് സമർപ്പിച്ചത്.
ആറ് വർഷം മുമ്പ് പിടിച്ചെടുത്ത ഭാംഗും കഞ്ചാവും ഹാജരാക്കാൻ രാജ്ഗഞ്ച് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് പൊലീസ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രാം ശർമ്മയ്ക്ക് ഈ റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികൾ പൂർണ്ണമായും നശിപ്പിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2018 ഡിസംബർ 14 നാണ് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവുമായി ശംഭുപ്രസാദ് അഗർവാൾ എന്നയാളെയും മകനെയും രാജ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്റെ വിചാരണ വേളയിൽ പിടിച്ചെടുത്ത തൊണ്ടിമുതൽ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടിരുന്നു.ഇതിനെത്തുടർന്നാണ് പിടിച്ചെടുത്ത വസ്തുക്കളെല്ലാം എലികൾ നശിപ്പിച്ചുവെന്ന വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായത്. തൊണ്ടിമുതൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും തന്റെ കക്ഷികളെ കള്ളക്കേസിൽ കുടുക്കിയതായി തെളിഞ്ഞെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ അഭയ് ഭട്ട് പറഞ്ഞു.
ഇത് ആദ്യമായല്ല തൊണ്ടിമുതലായ കഞ്ചാവ് എലി തിന്നെന്ന വാദവുമായി പൊലീസ് രംഗത്തെത്തുന്നത്. 2022 ൽ ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ,ഷെർഗാഡ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവ് എലികൾ നശിപ്പിച്ച് തീർത്തെന്നായിരുന്നു പൊലീസിന്റൈ വിശദീകരണം. ചെന്നൈ മറീന പൊലീസ് 2023 ൽ 22 കിലോ കഞ്ചാവ് എലി തിന്നെന്ന വിശദീകരണവുമായി കോടതിയെ സമീപിച്ചിരുന്നു.തെളിവ് ഹാജരാക്കാൻ കഴിയാതെ വന്നതോടെ കേസിൽ പ്രതികളായിരുന്ന രണ്ടുപേരെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.