പ്രണോയ്, രാധിക രാജിക്കു പിന്നാലെ രവീഷ് കുമാറും എൻ.ഡി.ടി.വി വിട്ടു
പതിറ്റാണ്ടുകളായി എൻ.ഡി.ടി.വിയുടെ മുഖമാണ് രവീഷ് കുമാര്‍. 2019ല്‍ രമൺ മഗ്‌സസെ പുരസ്‌കാരവും രണ്ടുതവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് പിടിമുറുക്കിയതിനു പിന്നാലെ എൻ.ഡി.ടി.വിയിൽനിന്ന് രാജിവച്ച് രവീഷ് കുമാറും. എൻ.ഡി.ടി.വി ഇന്ത്യയുടെ സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്തുനിന്നാണ് രാജി. നേരത്തെ, ചാനൽ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും കമ്പനി ഉടമകളായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് ഡയരക്ടർ ബോർഡിൽനിന്ന് രാജിവച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി ചാനലിന്റെ മുഖമായിരുന്ന രവീഷും പുറത്തിറങ്ങുന്നത്.
കമ്പനി ജീവനക്കാർക്കുള്ള ഇ-മെയിൽ സന്ദേശത്തിലൂടെ എൻ.ഡി.ടി.വി മാനേജ്‌മെന്റാണ് മഗ്‌സസെ ജേതാവ് കൂടിയായ രവീഷിന്റെ രാജിവിവരം വെളിപ്പെടുത്തിയത്. രവീഷിനെപ്പോലെ സ്വാധീനമുണ്ടാക്കിയ വളരെ കുറച്ചു മാധ്യമപ്രവർത്തകരേയുള്ളൂവെന്ന് എൻ.ഡി.ടി.വി ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിങ് പറഞ്ഞു. പുതിയ ദൗത്യത്തിലും അദ്ദേഹത്തിനു വൻ വിജയമാകാനാകുമെന്നു നമുക്കുറപ്പുണ്ടെന്നും അവർ പറഞ്ഞു.
എൻ.ഡി.ടി.വിയുടെ പ്രൈം ടൈം ചർച്ച നയിച്ചിരുന്ന രവീഷ് ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. 2019ലാണ് രവീഷ് കുമാറിന് രമൺ മഗ്‌സസെ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടുതവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 23ന് എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെയാണ് ചാനലിൽ പുതിയ നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. കമ്പനിയിലെ 26 ശതമാനം ഓഹരികൂടി സ്വന്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
Summary: Senior Journalist Ravish Kumar has resigned from his post as the senior executive editor at NDTV India, the news channel announced in an internal email today