നെഹ്റു കുടുംബവുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണ്; നേതൃമാറ്റത്തില്‍ നിലപാട് കടുപ്പിച്ച് ജി23 നേതാക്കള്‍
നേതൃ സ്ഥാനത്ത് നിന്ന് എത്രയും വേഗം നെഹ്റു കുടുംബത്തെ മാറ്റണം എന്ന് തന്നെയാണ് പാർട്ടിക്കുള്ളിൽ ജി 23 നേതാക്കൾ ആവർത്തിക്കുന്നത്
നേതൃ മാറ്റത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നിലപാട് കടുപ്പിച്ച് ജി 23 നേതാക്കൾ. നെഹ്റു കുടുംബവുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് നേതാക്കൾ അറിയിച്ചു. കപിൽ സിബൽ അടക്കമുള്ള തിരുത്തൽവാദി സംഘത്തിലുള്ളവർ ഇന്നലെ വീണ്ടും ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നു.
കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസം ശക്തമായി തുടരുന്നു എന്ന സൂചനയാണ് ഇന്നലെ ചേർന്ന യോഗത്തിൽ നിന്നും വ്യക്തമാകുന്നത്. ഭൂപീന്ദർ ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു യോഗം. കൂടിക്കാഴ്ചയിൽ തിരുത്തൽ വാദികളായ നേതാക്കളുടെ ആവശ്യങ്ങളോട് രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് ഹൂഡ മറ്റ് നേതാക്കളെ അറിയിച്ചു. നേതൃമാറ്റം എന്ന ആവശ്യത്തിൽ ഊന്നി ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കുകയാണ് ജി 23 നേതാക്കൾ ചെയ്യുന്നത്. അതെ സമയം സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതിനായി ഗുലാം നബി ആസാദ് സമയം ചോദിച്ചിട്ടുണ്ട്.
നെഹ്റു കുടുംബത്തെ ആക്ഷേപിക്കേണ്ടത് ഇല്ലെന്ന ജി 23 നേതാക്കളുടെ നിലപാട് ഇന്നലെ ഫോണിൽ വിളിച്ച് ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ നിന്ന് ജി 23 നേതാക്കൾ വ്യതിചലിക്കാത്ത സാഹചര്യത്തിൽ സോണിയാ ഗാന്ധി നേതാക്കൾക്ക് നൽകുന്ന ഉറപ്പും നിർണായകമാകും. മല്ലികാർജുന ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ നെഹ്റു കുടുംബത്തിന് ഒപ്പം നിൽക്കുകയും തിരുത്തൽവാദി നേതാക്കളെ തള്ളുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ തർക്കം നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങാൻ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുണ്ട് എങ്കിലും നേതൃ സ്ഥാനത്ത് നിന്ന് എത്രയും വേഗം നെഹ്റു കുടുംബത്തെ മാറ്റണം എന്ന് തന്നെയാണ് പാർട്ടിക്കുള്ളിൽ ജി 23 നേതാക്കൾ ആവർത്തിക്കുന്നത്.