സാരി ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകക്ക് ഡല്‍ഹി റസ്റ്റോറന്‍റില്‍ വിലക്ക്; വീഡിയോ

മാധ്യമപ്രവര്‍ത്തകയായ അനിത ചൌധരിക്കാണ് സാരി ഉടുത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ചത്

Update: 2021-09-22 10:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും ഉപയോഗിക്കുന്ന വസ്ത്രമാണ് സാരി. എവിടെ നോക്കിയാലും ഒരു സാരിക്കാരിയെങ്കിലും കാണാന്‍ സാധിക്കും. എന്നാല്‍ ഇത്ര പോപ്പുലറായ സാരിയെ സൗത്ത് ഡൽഹിയിലെ അന്‍സല്‍ പ്ലാസയിലുള്ള റസ്റ്റോറന്‍റുകാര്‍ക്ക് അത്ര പിടിച്ചിട്ടില്ല. സാരി ധരിച്ചെത്തുന്നവര്‍ക്ക് ഈ റസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.മാധ്യമപ്രവര്‍ത്തകയായ അനിത ചൌധരിക്കാണ് സാരി ഉടുത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ചത്. സാരി സ്മാര്‍ട് കാഷ്വല്‍ ഡ്രസ് കോഡില്‍ വരുന്നില്ലെന്നാണ് റസ്റ്റോറന്‍റുകാര്‍ പറയുന്നത്.

''ഡല്‍ഹിയിലുള്ള ഒരു റസ്റ്റോറന്‍റില്‍ സാരി സ്മാര്‍ട് ഡ്രസല്ല, ഈ വീഡിയോ ശ്രദ്ധയോടെ കേള്‍ക്കുക'' എന്ന അടിക്കുറിപ്പോടെയാണ് അനിത വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാരി ധരിച്ചെത്തിയതിന് റസ്റ്റോറന്‍റുകാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ പറയുകയും തന്നെ റസ്റ്റോറന്‍റില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും അനിത പറയുന്നു. ഇന്നലെ എന്‍റെ സാരി കാരണം സംഭവിച്ച അപമാനം എനിക്ക് ഇതുവരെ സംഭവിച്ച മറ്റേതൊരു അപമാനത്തെക്കാളും വലുതും ഹൃദയഭേദകവുമാണെന്നും അനിത കുറിക്കുന്നു.

സംഭവത്തെക്കുറിച്ച് തന്‍റെ യു ട്യൂബ് ചാനലിലും അനിത വീഡിയോ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ''ഞാന്‍ വിവാഹിതയാണ്. കല്യാണ സമയത്തും ഞാന്‍ സാരിയാണ് ഉടുത്തിരുന്നത്. രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുംബമാണ് എന്‍റേത്. അവര്‍ക്ക് ഞാന്‍ സാരിയുടുക്കുന്നത് ഇഷ്ടമാണ്. ഞാനൊരു സാരിപ്രേമിയാണ്. ഇന്ത്യന്‍ വസ്ത്രങ്ങളും സംസ്കാരവും ഞാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും ആകര്‍ഷകവും ഭംഗിയുള്ളതുമായ വസ്ത്രമാണ് സാരിയെന്നാണ് എന്‍റെ വിശ്വാസം.'' അനിത വീഡിയോയില്‍ പറയുന്നു.

രാജ്യത്ത് ചില ഇടങ്ങളില്‍ ഇപ്പോഴും സാരി ഒരു സ്മാര്‍ട് ഡ്രസ് അല്ലെന്നും അനിത ചൂണ്ടിക്കാണിക്കുന്നു. ഞാൻ സാരി ധരിക്കുന്നത് നിർത്താൻ 'സ്മാർട് വസ്ത്രം' എന്നതിന്‍റെ വ്യക്തമായ നിർവചനം അറിയിക്കാൻ ഞാൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഡൽഹി മുഖ്യമന്ത്രി, ഡൽഹി പൊലീസ്, ദേശീയ വനിതാ കമ്മീഷൻ എന്നിവരോട് ആവശ്യപ്പെടുന്നതായും അനിത പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും സമാനരീതിയിലുള്ള സംഭവം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തിയ ഗുരുഗ്രാമിലെ സ്കൂൾ പ്രിൻസിപ്പലായ സംഗീത കെ. നാഗിനാണ് മോശം അനുഭവം ഉണ്ടായത്. പാരമ്പര്യ രീതിയിലുള്ള വസ്ത്രധാരണം അനുവദിക്കില്ല എന്നായിരുന്നു റസ്റ്റോറന്‍റ് ജീവനക്കാരന്‍റെ പ്രതികരണം.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News